എറണാകുളം: ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കൂടുതൽ രക്ഷാപ്രവർത്തന ഉപകരണങ്ങൾ അഗ്നിശമന സേന വിഭാഗങ്ങൾക്കായി എത്തിക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ്. ആവശ്യമുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് വകുപ്പു വഴി സേവനം പ്രയോജനപ്പെടുത്താം. പല തദ്ദേശ സ്ഥാപനങ്ങളും റസ്ക്യൂ ബോട്ടിൻ്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബോട്ടുകൾ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കളക്ടർ അറിയിച്ചു.

കളക്ടറേറ്റിൽ റോജി എം.ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അങ്കമാലി മണ്ഡലത്തിലെ മഴക്കാല മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

അങ്കമാലി – മാഞ്ഞാലി തോടിൻ്റെയും മുല്ലശ്ശേരി തോടിൻ്റെയും എക്കൽ നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണെന്ന് റോജി എം ജോൺ എം എൽ എ യോഗത്തിൽ അറിയിച്ചു. പെരിയാറിലെയും ചാലക്കുടിപ്പുഴയിലെയും എക്കൽ ഇതോടൊപ്പം നീക്കം ചെയ്യണം.

പ്ലാൻ ഫണ്ടും തനത് ഫണ്ടും ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നൊരുക്കങ്ങൾക്കായി സർക്കാർ പണം നൽകണം. മണ്ഡലത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കായി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും എം എൽ എ യോഗത്തിൽ ആവശ്യപ്പെട്ടു.
ഡപ്യൂട്ടി കളക്ടർമാരായ കെ.ടി.സന്ധ്യാദേവി, പി.ബി.സുനി ലാൽ , പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ.വി. മാലതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.