ഹരിതകര്‍മസേനയെ ആദായകരമായ സംരംഭമാക്കി മാറ്റാനുള്ള പരിശീലന ലക്ഷ്യത്തോടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിമേറ്റര്‍ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിന് പരിഹാരമായാണ് ഹരിതകര്‍മസേന രൂപീകരിച്ചത്. സേനയിലെ അംഗങ്ങള്‍ വാര്‍ഡു തലത്തില്‍ ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ തരം തിരിച്ച് സൂക്ഷിക്കാനും വിപണനം ചെയ്യാനും ക്ലീന്‍ കേരള കമ്പനിക്കാണ് ചുമതല.

ഹരിതകര്‍മസേനയുടെ പാഴ്വസ്തുശേഖരണം ഇങ്ങനെ:

• പഴയചെരിപ്പ്, ബാഗ് – ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍
• ഇ-മാലിന്യം – മാര്‍ച്ച്, ജൂണ്‍, ഡിസംബര്‍
• മരുന്ന്സ്ലിപ്പുകള്‍ – ജനുവരി, മാര്‍ച്ച്, ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍
• ഗ്ലാസ് മാലിന്യം – ഫെബ്രുവരി, മെയ്, ആഗസ്ത്, നവംബര്‍
• തുണി മാലിന്യം – ഏപ്രില്‍, സെപ്തംബര്‍

അധിക വരുമാന സാധ്യതകള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കല്‍, വൈദഗ്ധ്യം വികസിപ്പിക്കല്‍ എന്നിവയുടെ മേല്‍നോട്ടച്ചുമതല കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ക്കും നഗര പ്രദേശങ്ങളില്‍ സിറ്റി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്കുമായി തരം തിരിച്ചിട്ടുണ്ട്. ജില്ലാ ഏകോപന സമിതിയുടെ കണ്‍വീനര്‍ ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്ററാണ്. അജൈവ മാലിന്യങ്ങള്‍ പുനഃചംക്രമണ സാധ്യതയുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ ഹരിത കര്‍മ സേന മുഖേന ശേഖരിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്.), റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്‍.ആര്‍.എഫ്.), എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി രൂപീകരിക്കും.

മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ തരംതിരിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാന്‍  ക്ലീന്‍ കേരള കമ്പനി സംവിധാനമൊരുക്കും. ആര്‍.ആര്‍.എഫ്. സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥിരമായ അല്ലെങ്കില്‍ താല്ക്കാലികമായ കെട്ടിടസൗകര്യം, വൈദ്യുതി, വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളോ നഗരസഭകളോ ലഭ്യമാക്കും. 50 മൈക്രോണില്‍താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മാത്രമെ അജൈവ മാലിന്യമായി ശേഖരിക്കൂള്ളൂ.

സി.എഫ്.എല്ലുകള്‍, ഡി.വി.ഡി.കള്‍, ട്യൂബ് ലൈറ്റുകള്‍, മാഗ്‌നെറ്റിക് ടേപ്പുകള്‍, ഫ്‌ളോപ്പീസ്, ലൈറ്റ് ഫിറ്റിങ്‌സ്, യൂസ്ഡ് ടോണര്‍ കാര്‍ട്രിഡ്ജ്‌സ്, റീല്‍സ്, ടോയ്സ്,  പിക്ചര്‍ ട്യൂബ്‌സ്, സി.ഡികള്‍, തകര്‍ന്ന ടെലിവിഷന്‍, എമര്‍ജന്‍സി ലാംബ്, തകര്‍ന്ന ഐ.ടി. മെറ്റീരിയലുകളും മറ്റു ഇലക്ട്രിക് പാര്‍ട്ടുകളുമാണ് ഇ-വേസ്റ്റില്‍ ഉള്‍പ്പെടുന്ന വിപല്‍ക്കരമായ മാലിന്യങ്ങള്‍.