അന്തരീക്ഷോഷ്മാവ് വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ്    സൂര്യാഘാതമേല്‍ക്കാന്‍ കൂടുതല്‍ സാധ്യത. കുട്ടികള്‍ പ്രായമായവര്‍, വിവിധ അസുഖങ്ങള്‍ ഉള്ളവര്‍ (രക്തക്കുഴല്‍ ചുരുങ്ങല്‍, ഹൃദയത്തിന്റെ പ്രവര്‍ത്തനശേഷിക്കുറവ്, പ്രമേഹം, ത്വക് രോഗം), കര്‍ഷകത്തൊഴിലാളികള്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, മറ്റ് പുറംവാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍,  കായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണം.
ശരീരോഷ്മാവ് 104 ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ഉയരുക, ചര്‍മം വരളുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍ വലിവ്,    കണ്ണിന്റെ കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലി രോഗലക്ഷണങ്ങള്‍,     ബോധക്ഷയം എന്നിവയാണ് സൂര്യാഘാത്തിന്റെ ലക്ഷണങ്ങള്‍.
ശര്‍ദ്ദി, ഓക്കാനം, കൂടിയ നാഡിമിടുപ്പ്, അസാധാരണ വിയര്‍പ്പ്, മന്ദത, മൂത്രത്തിന് കടുത്ത മഞ്ഞനിറം, വയറിളക്കം, വിയര്‍ക്കാതിരിക്കുക, ചര്‍മം ചുവന്ന് തടിക്കുക, പൊള്ളലേല്‍ക്കുക, മാനസിക പിരിമുറുക്കം തുടങ്ങിയ മാറ്റങ്ങളും അടിയന്തര ശ്രദ്ധയര്‍ഹിക്കുന്നു.
ദീര്‍ഘനേരം ശരീരത്തില്‍  കടുത്ത ചൂടേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.  ശുദ്ധജലം ധാരാളം കുടിക്കുന്നതും ദ്രവരൂപത്തിലുള്ള ആഹാര പദാര്‍ത്ഥങ്ങള്‍       കഴിക്കുന്നതും  ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും.
ശരീരം പൂര്‍ണമായും കായികക്ഷമമല്ലെങ്കില്‍ അധ്വാനം കൂടുതലുള്ള ജോലികള്‍ ഒഴിവാക്കണം. പുറംവാതില്‍ ജോലികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം. നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുന്നതും കടുത്ത ചൂടിനെ അതിജീവിക്കാന്‍ ഉപകരിക്കും.
ജോലികള്‍ ചൂടുകുറഞ്ഞ സമയത്ത് ക്രമീകരിക്കാനും ശാരീരിക അധ്വാനം  കൂടുതല്‍ വേണ്ട ജോലികള്‍ ഉച്ചസമയത്ത് ചെയ്യുന്നത് ഒഴിവാക്കാനും നിര്‍ജലീകരണത്തിന് കാരണമായേക്കാവുന്ന കഫീന്‍ അടങ്ങിയ പാനീയങ്ങളും, മദ്യവും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
കട്ടി കുറഞ്ഞതും ഇളംനിറത്തിലുള്ളതും അയവുള്ളതുമായ വസ്ത്രങ്ങള്‍     ധരിക്കുക. കോട്ടന്‍ വസ്ത്രങ്ങളാണ് അഭികാമ്യം. സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതിനായി കുട ഉപയോഗിക്കാവുന്നതാണ്. സണ്‍ ഗ്ലാസുകളോ കൂളിംഗ് ഗ്ലാസുകളോ ധരിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍നിന്നും സംരക്ഷണം      നല്‍കും. വീട്ടില്‍ വായൂസഞ്ചാരം കൂടുന്നതിന് ജനലാകള്‍ തുറന്നിടുകയും ഫാന്‍   ഉപയോഗിക്കുകയും ചെയ്യണം. പോഷക മൂല്യമുള്ള ഭക്ഷണം കഴിക്കണം.
സൂര്യാഘാതമേല്‍ക്കുന്നവരെ ഉടന്‍ തറയിലോ കട്ടിലിലോ കിടത്തി ചൂട്     കുറയ്ക്കുന്നതിന് ഫാന്‍ ഉപയോഗിക്കുക. കാലുകള്‍ ഉയര്‍ത്തിവയ്ക്കുകയും നനച്ച തുണി ദേഹത്തിടുകയും ചെയ്യാം. വെള്ളമോ ദ്രവരൂപത്തിലുള്ള ആഹാരമോ     നല്‍കാം.