കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ വഹിക്കും.
സിവിൽ ഏവിയേഷൻ മന്ത്രാലയവും മറ്റ് കേന്ദ്ര സർക്കാർ ഏജൻസികളും വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോൾ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 184 യാത്രക്കാരും 6 പേർ ക്രൂ അംഗങ്ങളുമാണ്. മരിച്ച 18 പേരിൽ 14 പേർ മുതിർന്നവരും നാല് കുട്ടികളുമാണ്.
മലപ്പുറം സ്വദേശികളായ ഷഹീർ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീർ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവൻ ചെരക്കാപ്പറമ്പിൽ (61), മനാൽ അഹമ്മദ് (25), ഷറഫുദ്ദീൻ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരൻ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരാണ് മരണമടഞ്ഞത്.
149 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അതിൽ 23 പേർക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാർജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുമുണ്ട്. കോവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോർട്ടം പ്രക്രിയ ത്വരിതപ്പെടുത്തി. മരണപ്പെട്ടവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചവരിൽ ഒരാൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ പ്രദേശവാസികളുടെയും ഫയർഫോഴ്സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയർ വളണ്ടിയർമാരുടെയും സഹായത്തോടെ അപകടത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടർമാർ എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലൻസുകളും ടാക്സികളും സ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി.
അപകടത്തിൽപ്പെട്ടവർക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.
വിമാനാപകടം സംഭവിച്ചപ്പോൾ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവർത്തകരും സ്തുത്യർഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവർത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂർത്തിയാക്കിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.