സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ  പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി. അർഹത ഉണ്ടായിട്ടും  വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. ആഗസ്റ്റ് 1 മുതൽ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയിരുന്ന സമയം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ഗുണഭോക്താക്കൾക്കും അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ സംഘടിപ്പിച്ച്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിക്കുവാൻ സാധിക്കുന്നില്ലെന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 9 വരെ സമയം നീട്ടി നൽകാൻ തീരുമാനിച്ചത്.   ആഗസ്റ്റ് 1 മുതൽ ഇതുവരെ  6,39,857 അപേക്ഷകളാണ് ലഭിച്ചത്.  ഇതിൽ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത    1,81,044 കുടുംബങ്ങളും ഉൾപ്പെടും.
www.life2020.kerala.gov.in  എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെൽപ് ഡെസ്‌ക് വഴിയോ മറ്റ് ഇന്റർനെറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.

കേരളത്തിന്റെ സമഗ്ര വികസനവും ദുരിതബാധിതർക്കുള്ള സത്വരക്ഷേമ  നടപടികളും ഉൾപ്പെടുന്ന ബഹുമുഖപദ്ധതിയായ നവകേരള മിഷനിലെ പ്രധാന  പദ്ധതിയാണ് ലൈഫ് മിഷൻ.  ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ കുടുംബങ്ങൾക്ക് പുതിയ വീടുകൾ മിഷനിലൂടെ പൂർത്തീകരിക്കാൻ കഴിഞ്ഞു.
ഒന്നാംഘട്ടത്തിൽ 2000-01 മുതൽ 2015-16 സാമ്പത്തിക വർഷം വരെ വിവിധ  സർക്കാർ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന കുടുംബങ്ങൾക്കുള്ള  വീടുകൾ യാഥാർഥ്യമാക്കുക  എന്നതായിരുന്നു ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തിൽ ഇതിനകം  52,296 വീടുകൾ നിർമിച്ചു. ഈ ഘട്ടത്തിൽ ഓരോ ഗുണഭോക്താവിനും വീട് പൂർത്തിയാക്കുവാൻ ആവശ്യമായ തുക നൽകിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിനായി ഇതുവരെ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 671 കോടി രൂപയാണ്.
ലൈഫ് രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ രേഖാപരിശോധനയിലൂടെ 1,04,159 ഗുണഭോക്താക്കളാണ് അർഹത നേടിയത്. ഇവരിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത് 97,830 പേരാണ്. ഇവരിൽ 81,437 (83.24%) ഗുണഭോക്താക്കൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിർമ്മാണങ്ങൾക്കു പുറമെ പി.എം.എ.വൈ-ലൈഫ് (അർബൻ) പദ്ധതി പ്രകാരം 48,445 വീടുകൾ പൂർത്തീകരിക്കുകയും പി.എം.എ.വൈ-ലൈഫ് (റൂറൽ) പദ്ധതി പ്രകാരം 16,945 വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. മറ്റു വകുപ്പുകൾ തുടങ്ങിവച്ച ഭവനനിർമ്മാണ പദ്ധതികളും പൂർത്തീകരിച്ചുവരുന്നു. പട്ടികജാതി വകുപ്പിനു കീഴിൽ 19,247 വീടുകളും പട്ടികവർഗ   വകുപ്പിനു  കീഴിൽ 1,745 വീടുകളും പൂർത്തിയായി.
ഫിഷറീസ് വകുപ്പിനു കീഴിൽ പൂർത്തിയായത് 4,177 വീടുകൾ ആണ്. ഇതുകൂടാതെ ലൈഫ് മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി 1458 വീടുകൾ നിർമിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതുവരെ പൂർത്തിയാക്കിയത് 2,25,750 വീടുകളും ചിലവഴിച്ചത് 8068.70 കോടി രൂപയുമാണ്.
കേന്ദ്ര/ സംസ്ഥാന ഭവന പദ്ധതികളും  ലൈഫ് ഭവന പദ്ധതിയും ലൈഫ് മിഷൻ മുഖേന ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ (ഭൂരഹിത ഭവനരഹിതർക്ക് ഭവനം) 1,35,769 ഗുണഭോക്താക്കളെ അർഹരായി കണ്ടെത്തിയിട്ടുണ്ട്.  ഇവർക്കായി ഭവന സമുച്ചയങ്ങളോ ഭവനങ്ങളോ നിർമ്മിച്ചു നൽകുന്നതാണ്. നിലവിൽ 101 ഭവന സമുച്ചയങ്ങളുടെ  നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയിൽ 217 അപ്പാർട്ടുമെന്റുകളുള്ള ഒരു ഭവന സമുച്ചയം പൈലറ്റ് അടിസ്ഥാനത്തിൽ നിർമിച്ചു. ഇവിടെ അടിമാലി ഗ്രാമപഞ്ചായത്തിലെ 163 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾ താമസിക്കുന്നു. അവർക്ക് വിവിധ ജീവനോപാധി മാർഗ്ഗങ്ങളും പ്രൈമറി ഹെൽത്ത് സെന്ററും അംഗൻവാടിയും മറ്റ് സേവനങ്ങളും  അവിടെത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്.  101 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം അടുത്ത ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ  ധ്രുതഗതിയിൽ നടന്നുവരികയാണ്.