കൊല്ലം ബൈപ്പാസിന് വെളിച്ചം നല്‍കിയത് കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി സിഗ്-സാഗ് രീതിയില്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും തെരുവിളക്കുകളുമാണ് വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചിരുന്നു.

140 വാട്ടുള്ള 415 ലൈറ്റുകളും 15700 ല്യൂമെന്‍സ് എല്‍ഇഡി ലൈറ്റുകളും പദ്ധതിയുടെ ഭാഗമായി ഘടിപ്പിച്ചു. മേവാരം മുതല്‍ കാവനാട് വരെയുള്ള 13 കിലോമീറ്റര്‍ റോഡിന്റെ വശങ്ങളില്‍ 60 മീറ്റര്‍ ഇടവിട്ട് 9 മീറ്റര്‍ ഉയരത്തില്‍ വിളക്കുകള്‍ സ്ഥാപിച്ചതോടെ ബൈപ്പാസിലെ വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമായി.

പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തില്‍ നിന്ന് 4.7 കോടി രൂപയുടെ ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചത്. സോഡിയം വിളക്കുകള്‍, ഇന്‍കാന്‍ഡാസന്റ് ലാമ്പുകള്‍, മെര്‍ക്കുറി വിളക്കുകള്‍, ട്യൂബ് ലൈറ്റുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള ലൈറ്റുകള്‍ സ്ഥാപിച്ച് വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചു.

കൊല്ലം ബൈപാസ് തുറന്നശേഷം അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്നു. നിരവധി ബ്ലാക്ക് സ്‌പോട്ടുകളുള്ള റോഡില്‍ വെളിച്ചക്കുറവായിരുന്നു വില്ലന്‍. തെരുവിളക്കുകള്‍ സ്ഥാപിച്ചതോടെ അപകടസാധ്യത ഇല്ലാതായി. ഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ  സുരക്ഷയും ആശ്വാസവുമായി ഈ പദ്ധതി.