കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കില്‍ ഒന്നര കോടി ചെലവിൽ സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവർത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . കെ.ശാന്തകുമാരി നിര്‍വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷണന് അധ്യക്ഷനായി.
നാല് നിലകളിലുള്ള കിന്‍ഫ്രയിൽ ഒന്നാമത്തെ നിലയില്‍ 250 കിടക്കകളാണ് ആദ്യ ഘട്ടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 100 കിടക്കകള്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ക്യാബിന് സജ്ജീകരിച്ച് തയ്യാറാക്കിയതായി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി അറിയിച്ചു. ആദ്യഘട്ടത്തില്‍ 34 ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഗ്രൗണ്ട് ഫ്ളോറില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിന്‍ഫ്രയുടെ രണ്ട്, മൂന്ന് നിലകളിലായി കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കുന്നതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു. നാല് ഡോക്ടര്‍മാര്‍, എട്ട് നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവരെ നിലവില്‍ നിയമിച്ചിട്ടുണ്ട്. സൗണ്ട് സിസ്റ്റം, ഇന്റര്‍നെറ്റ്, ടെലിവിഷനുകള്‍, മാലിന്യ സംസ്ക്കരണത്തിനായി ഇന്‍സിനെറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്തംഗം നിതിന്‍ കണിച്ചേരി, മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ സുബാഷ് ചന്ദ്രബോസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.സി. ഉദയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സി.അനില്‍കുമാര്‍, കിന്‍ഫ്ര മാനേജര്‍ മുരളി കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.