സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പാലക്കാട് മോയൻ എൽ.പി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിട ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – നിയമ-സാംസ്ക്കാരിക- പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എ .കെ ബാലൻ നിർവ്വഹിച്ചു. കുട്ടികളുടെ മാനസിക- ഭൗതിക- വളർച്ചയ്ക്കും വ്യക്തിത്വ വികസനത്തിനും സ്‌കൂളുകൾക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയാണ്. സർക്കാർ -എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നത് മേന്മയായി സമൂഹം കണ്ടുതുടങ്ങി. പഠന നിലവാരം ഉയർത്തുന്നതിനൊപ്പം പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുയെന്ന സർക്കാരിന്റെ നയ० സാധ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് നഗരസഭാ വിഹിതവും ഉൾപ്പെടുത്തി 25.5 ലക്ഷം ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോയൻ എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പാലക്കാട് നഗരസഭാ ചെയർപേഴ്‌സൺ പ്രമീളാ ശശിധരൻ അധ്യക്ഷയായി. വാർഡ് അംഗം റിസ്വാന, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ടി.ജയപ്രകാശ്, സമഗ്ര ശിക്ഷാ കേരള ജില്ലാ കോർഡിനേറ്റർ എം.കെ. നൗഷാദ് അലി, എ.ഇ.ഒമാരായ പി.കൃഷ്ണൻ, കെ. ഇന്ദിര, സ്‌കൂൾ പ്രധാന അധ്യാപിക കെ. മണിയമ്മ , പ്രോജക്റ്റ് എഞ്ചിനീയർ പ്രശോഭ്, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.