എറണാകുളം : സാമൂഹിക പരിഷ്കരണത്തിൽ സാഹിത്യത്തെ ആയുധമാക്കിയ മഹാനാണ് കവി തിലകൻ പണ്ഡിറ്റ് കറുപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറായിയിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരക മന്ദിരത്തിന്റെ ശിലസ്ഥാപനം ഓൺലൈൻ ആയി നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിറ്റ് കറുപ്പനെ പോലുള്ള സമർപ്പിത ജീവിതങ്ങളുടെ അടിത്തറയിലാണ് കേരളത്തിൽ പുരോഗമന ശക്തികൾ വളർന്നത്. ആധുനിക കേരളം യഥാർഥ്യമായതും ആ അടിത്തറയിലാണ്. എന്നാൽ ആ ഉന്നത മൂല്യങ്ങളെ ആട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിനെ ഗൗരവപൂർവ്വം കാണണം. നവോത്ഥാന സന്ദേശങ്ങളെ സംരക്ഷിക്കാൻ ജാഗ്രത പുലർത്തണം, മുഖ്യമന്ത്രി പറഞ്ഞു.
ജാതീയതയുടെയും അടിച്ചമർത്തലിന്റെയും എതിരെയുള്ള ആദ്യ കൃതി ആയി കുമാരനാശാന്റെ ‘ദുരവസ്ഥ’യെ കാണുമ്പോൾ അതിനും പത്തു വർഷങ്ങൾക്ക് മുൻപ് ജാതിക്കുമ്മി എന്ന കൃതിയിലൂടെ ജാതീയതക്ക് പ്രഹരമേൽപിച്ച ആളാണ് പണ്ഡിറ്റ് കറുപ്പൻ. തൊട്ടുകൂടായ്മയെ നേരിട്ടനുഭവിച്ച തലമുറയിലെ പ്രതിനിധിയായ അദ്ദേഹം മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കവിതയെ പടവാളാക്കി. അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിത ഉന്നതിക്ക് വിദ്യാഭ്യാസത്തെ ആയുധമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൊച്ചി കായൽ സമ്മേളനവും കാർഷിക മേളകളിൽ കർഷകർക്ക് പ്രവേശനം അനുവദിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടികജാതി, പട്ടിക വർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി എ. കെ. ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം. കെ സാനു മുഖ്യപ്രഭാഷണം നടത്തി. എസ്. ശർമ എം. എൽ. എ, എഴുത്തുകാരായ സിപ്പി പള്ളിപ്പുറം, ജോസഫ് പനക്കൽ, പണ്ഡിറ്റ് കറുപ്പൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പൂയപ്പിള്ളി തങ്കപ്പൻ, സമുദായ ചന്ദ്രിക സഭ പ്രസിഡന്റ് എം. എൽ അരവിന്താക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ 100 ദിനങ്ങൾ 100 പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് സാംസ്‌കാരിക വകുപ്പ് സ്മാരക മന്ദിരം നിർമ്മിക്കുന്നത്. ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടയുള്ള സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.