എറണാകുളം : ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി കൊറോണ ഫ്ലയിങ് സ്‌ക്വാഡുകൾ രൂപീകരിക്കാൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. താലൂക്ക് തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലുമായിരിക്കും സ്‌ക്വാഡുകൾ രൂപീകരിക്കുന്നത്. താലൂക്ക് തലത്തിൽ തഹസിൽദാർമാരുടെ നേതൃത്വത്തിലും വില്ലേജ് / തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ വില്ലേജ് ഓഫീസർ അല്ലെങ്കിൽ എൽ. എസ്. ജി സെക്രട്ടറിമാർക്കുമായിരിക്കും സ്ക്വാഡുകൾ രൂപീകരിക്കുന്നത്.
താലൂക്ക് തലത്തിലെ സ്‌ക്വാഡിൽ എൽ. ആർ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്, പോലീസ് ഓഫീസർ എന്നിവർ അംഗങ്ങൾ ആയിരിക്കും.
തദ്ദേശ തലത്തിൽ സെക്രട്ടറി, വില്ലേജ് ഓഫീസർ, പഞ്ചായത്ത്‌, വില്ലേജ് തല ഉദ്യോഗസ്ഥർ, പോലീസ് ഓഫീസർ എന്നിവർ ആയിരിക്കും അംഗങ്ങൾ.

താലൂക്ക് ഇൻസിഡന്റ് കമാണ്ടർമാർ ടീമുകളുടെ പ്രവർത്തനം ദിവസേന വിലയിരുത്തുകയും എല്ലാ ആഴ്ചയിലും പ്രവർത്തന റിപ്പോർട്ട്‌ കളക്ടർക്ക് സമർപ്പിക്കുകയും ചെയ്യണമെന്ന് കളക്ടർ നിർദേശം നൽകി. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർ പ്രവർത്തനങ്ങൾ ഏകോപ്പിക്കും.

നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവാഹങ്ങൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരെയും മാത്രമേ അനുവദിക്കൂ. കച്ചവട സ്ഥാപനങ്ങൾക്ക് പുറത്തു സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ ആളുകളെ അനുവദിക്കൂ. പരമാവധി ആളുകളുടെ എണ്ണം സ്ഥാപനങ്ങൾക്ക് പുറത്തു പ്രദർശിപ്പിക്കണം. സാനിറ്റൈസർ ഉൾപ്പടെയുള്ള കാര്യങ്ങൾ സ്ഥാപനഉടമ ക്രമീകരിക്കണം.

പൊതുസ്ഥലങ്ങളിലും പൊതു വാഹനയാത്രയിലും മാസ്കുകൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. താമസസ്ഥലം ഒരുക്കിയിട്ടുള്ള സ്ഥാപനങ്ങൾ താമസസ്ഥലങ്ങളിൽ പോസിറ്റീവ് ആകുന്നവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കും നിരീക്ഷണ സൗകര്യം ഒരുക്കണം.

എ. ഡി. എം. സാബു കെ. ഐസക്, സബ് കളക്ടർ ഹാരീസ് റഷീദ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ഡെപ്യൂട്ടി കളക്ടർമാരായ വൃന്ദ ദേവി, എസ്. ഷാജഹാൻ, എസ്. പി കെ. കാർത്തിക്, ഡി. സി. പി. ജി. പൂങ്കുഴലി, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.