ഉപജീവന മാർഗമെന്ന നിലയിൽ കൂടുമത്സ്യ കൃഷി ചെയ്യാൻ ആദിവാസി കുടുംബങ്ങൾക്ക് സാങ്കേതിക സഹായവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). വൈക്കം ടി.വി പുരം പഞ്ചായത്തിലെ 35 ഓളം ആദിവാസി കുടുംബങ്ങൾക്കാണ് ജലാശയങ്ങളിൽ കൂടുമത്സ്യ കൃഷി തുടങ്ങുന്നതിനുള്ള സാങ്കേതിക സഹായമാണ് നൽകിയത്. ടിവി പുരം പഞ്ചായത്തിലെ ഐഎച്ച്ഡിപി കോളനിയിൽ നടന്ന പരിശീലന സംഗമം പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. കൃഷി തുടങ്ങുന്നതിനായുള്ള മത്സ്യക്കൂട് സിഎംഎഫ്ആർഐ ആദിവാസി കുടുംബങ്ങൾക്ക് കൈമാറി. കൃഷി പുരോഗമിക്കുന്നതോടെ കൂടുതൽ മത്സ്യക്കൂടുകൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ എന്നിവ നൽകും. കൃഷിയുടെ തുടക്കം മുതൽ വിളവെടുപ്പ് വരെ സിഎംഎഫ്ആർഐ സംഘത്തിന്റെ മേൽനോട്ട ത്തിലായിരിക്കും കൂടുമത്സ്യ കൃഷി നടത്തുക. ചെറുകിട കൂടുകൃഷി യൂണിറ്റുകൾ സ്ഥാപിച്ച് സ്വയം സംരംഭകരാകാൻ ആദിവാസി വിഭാഗങ്ങളെ സഹായിക്കും. സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടുമത്സ്യ കൃഷിയുടെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുത്തിയത്. കൂടുകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തൽ, ബജറ്റിംഗ്, യോജിച്ച മത്സ്യയിനങ്ങളെ തിരഞ്ഞെടുക്കൽ, കൂടുനിർമാണം, തീറ്റ നൽകൽ, കൃഷിരീതികൾ, വിളവെടുപ്പ്, വിപണനം എന്നിവയെക്കുറിച്ച് ആദിവാസി കുടുംബങ്ങൾക്ക് പ്രായോഗിക പരിശീലനം നൽകി. കൂട് നിർമ്മിക്കുന്ന രീതിയും ജലാശയങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളും പരിശീലനത്തിന്റെ ഭാഗമായി. സിഎംഎഫ്ആർഐയുടെ സാങ്കേതിക സഹായത്തോടെ കർഷക സംഘങ്ങൾ നടത്തിവരുന്ന കൂടുമത്സ്യ കൃഷി യൂണിറ്റുകൾ നേരിൽ കാണാനും സംശയനിവാരണം നടത്താനും അവസരം നൽകി. കേന്ദ്ര സർക്കാറിന്റെ ട്രൈബൽ സബ് പ്ലാൻ (ടിഎസ്പി) ഉപയോഗിച്ചാണ് സിഎംഎഫ്ആർഐ ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കൂടുമത്സ്യ കൃഷിയിൽ സാങ്കേതിക സഹായം നൽകുന്നത്. താരതമ്യേന ചിലവ് കുറഞ്ഞതും മികച്ച വളർച്ചാനിരക്ക് ലഭിക്കുന്നതുമായ മത്സ്യകൃഷി മാതൃകയാണ് സിഎംഎഫ്ആർഐ വികസിപ്പിച്ച പ്രത്യേക കൂടുമത്സ്യകൃഷി. കുളങ്ങളിലും കായലുകളിലും ചെയ്യുന്ന സാധാരണ മത്സ്യകൃഷിയേക്കാൾ 70 മടങ്ങ് ഉൽപാദനക്ഷമതയാണ് കൂടുമത്സ്യ കൃഷിക്കുള്ളത്. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ താര, ബ്ലോക്ക് മെംബർ നടേശൻ, പഞ്ചായത്ത് മെംബർ വിഷ്ണു ഉല്ലാസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സാലിമോൻ, സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞൻമാരായ ഡോ കെ മധു, ഡോ. ബോബി ഇഗ്നേഷ്യസ്, ഡോ. രമ മധു, ഡോ എൻ രാജേഷ് എന്നിവർ സംസാരിച്ചു. പ്രായോഗിക പരിശീലനങ്ങൾക്ക് സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗത്തിലെ എൻ വേണുഗോപാൽ, എം. പി വിജയൻ എന്നിവർ നേതൃത്വം നൽകി.