തിരുവനന്തപുരം: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പാളയം മാർക്കറ്റിനെ ശാസ്ത്രീയമായി പുനർനിർമിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. തിരുവനന്തപുരം നഗരത്തിന്റെ വർച്ചയിൽ പാളയം മാർക്കറ്റ് വലിയ പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു. മാർക്കറ്റ് പുനർനിർമിക്കുന്നതിലൂടെ നിലവിലെ കച്ചവടക്കാർക്ക് മികച്ച സൗകര്യങ്ങളുള്ള കടകളും ജനങ്ങൾക്ക് മികച്ച സേവനവും ലഭിക്കും. മാർക്കറ്റുകളുടെ നവീകരണത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നത്. രാഷ്ട്രീയത്തിന് അതീതമായി എല്ലാ കോർപ്പറേഷൻ വാർഡുകളിലും വികസനമെത്തിക്കാൻ തിരുവനന്തപുരം നഗരസഭയ്ക്കായി. മാലിന്യ നിർമാർജനത്തിൽ കോർപ്പറേഷന്റെത് മാതൃകാപരമായ ഇടപെടലാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തുള്ള പാളയം മാർക്കറ്റ് വിപുലമായ സൗകര്യങ്ങളോടെ സ്മാർട്ട്‌സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, ഫുഡ് പ്ലാസ, സ്റ്റോറേജ് ഗോഡൗണുകൾ, വിനോദ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒരു ഓപ്പൺ മാർക്കറ്റാക്കി മാറ്റുന്നതാണ് പദ്ധതി. വികേന്ദ്രീകൃത ഖരമാലിന്യ പരിപാലന സൗകര്യങ്ങൾ, ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള പുത്തൻ സംവിധാനങ്ങൾ സോളാർ മേൽക്കൂരയുള്ള കെട്ടിടങ്ങൾ എന്നിവ ഇവിടെയുണ്ടാകും.

പദ്ധതി പൂർത്തീകരിക്കുന്നതുവരെ കച്ചവടത്തിന് തടസ്സമില്ലാത്തവിധം പാളയം മാർക്കറ്റിന്റെ പിന്നിലുള്ള ഭൂമി പുനരധിവാസ കേന്ദ്രമായി വികസിപ്പിക്കും. ഇവിടെ ഫ്രീ ഫാബ്രിക്കേറ്റഡ് ബ്ലോക്ക് നിർമ്മിച്ചുകൊണ്ട് കച്ചവടക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കും. നിലവിലുള്ള എല്ലാ കച്ചവടക്കാരെയും പുതിയ ബ്ലോക്കിലേക്ക് മാറ്റും. രണ്ടാം ഘട്ടത്തിൽ കണ്ണിമേറാ മാർക്കറ്റ് പൊളിച്ചു മാറ്റി പുതിയ മാർക്കറ്റ് കെട്ടിടവും ഓട്ടോമേറ്റഡ് പാർക്കിംഗ് സംവിധാനവും നിർമ്മിക്കും.

ചടങ്ങിൽ മേയർ കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.പുഷ്പലത, പാളയം രാജൻ, ട്രിഡ ചെയർമാൻ സി.ജയൻബാബു, സ്മാർട്ട്‌സിറ്റി സി.ഇ.ഒ പി.ബാലകിരൺ എന്നിവർ സംബന്ധിച്ചു.