വന്യമൃഗ ശല്യം പരിഹരിക്കണമെന്ന ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സത്യാഗ്രഹം നടത്തുന്ന വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി സർക്കാറിലേക്ക് റിപ്പോർട്ട് ചെയ്തതായി ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുന്നവരുടെ ആരോഗ്യ നില പരിശോധിക്കാനും ആവശ്യമായ മെഡിക്കൽ സഹായം നൽകാനും സീനിയർ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വന്യമൃഗങ്ങളുടെ ആക്രമണമൂലം ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള നടപടികൾ വേഗത്തിലാക്കാനും നിലവിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും വൈൽഡ് ലൈഫ് വാർഡന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പ്രശ്‌നപരിഹാരത്തിനുളള ശ്രമങ്ങൾ കണക്കിലെടുത്ത് സത്യാഗ്രഹം പിൻവലിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അഭ്യർത്ഥിച്ചു. സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രശ്‌നം പരിഹരിക്കുന്നതിനുമായി മാർച്ച് 21ന് രാവിലെ 10ന് കലക്‌ട്രേറ്റിൽ സമരസമിതിയുമായി ജില്ലാ കളക്ടർ ചർച്ച നടത്തും. വന്യമൃഗശല്യം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാരഡന്റെ ഓഫീസിനു മുന്നിൽ വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുകയാണ്.