രാഷ്ട്രപിതാവ് മഹാത്മജിയുടെ ജീവിതം ഇളം തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളിലെ വിജയികള്‍ക്ക് സാക്ഷ്യപത്രവും സമ്മാനവും നല്‍കി.

ഗാന്ധി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാരോണ്‍ ജോസഫ്(പ്ലസ് ടു വിദ്യാര്‍ഥിനി, വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍), രണ്ടാം സ്ഥാനം നേടിയ ആര്യ നാരായണന്‍ എം കെ കുണ്ടംകുഴി (നവോദയ വിദ്യാലയം, പെരിയ) എന്നിവര്‍ക്കും കവിതാലാപന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഭഗത് ജീവന്‍ ( എട്ടാംതരം വിദ്യാര്‍ഥി, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), രണ്ടാം സ്ഥാനം നേടിയ ശിവരഞ്ജിനി പി വി ( എട്ടാം തരം വിദ്യാര്‍ഥി, ബളാംതോട് ജി എച്ച് എസ് എസ്) എന്നിവര്‍ക്കും ക്യഷ് പ്രൈസും സാക്ഷ്യപത്രവും സമ്മാനിച്ചു.ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 1000 രൂപയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 500 രൂപയുമാണ് ക്യാഷ് പ്രൈസ് നല്‍കിയത്

ഗാന്ധി വേഷ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫിയോണ്‍ റോഡ്രിഗ്‌സ് രണ്ടാം സ്ഥാനം നേടിയ അജില്‍ ദേവ് എന്നിവര്‍ക്ക് ട്രോഫിയും സാക്ഷ്യപത്രവും സമ്മാനിച്ചു.
മത്സരങ്ങളില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള സാക്ഷ്യപത്രം കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് കൈപ്പറ്റാവുന്നതാണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍ അറിയിച്ചു.