കോഴിക്കോട്: ഗർഭിണികളായ രോഗികള്‍ക്ക് അവരുടെ കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

കോവിഡിനെ ചൂണ്ടിക്കാട്ടി നിരവധി രോഗികളെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്ക് റഫര്‍ ചെയ്യുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രസവ കേസുകള്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നതിലെ കാലതാമസം അമ്മയുടെയും കുട്ടിയുടെയും ആരോഗ്യത്തിന് അപകടരമായേക്കാം.
ഒരു രോഗിയുടെ കോവിഡ് നില അടിസ്ഥാനമാക്കി ചികിത്സ നിരസിക്കാന്‍ പാടില്ല. പ്രസവാനന്തര ചികിത്സ, പ്രസവം, എന്നിവയുള്‍പ്പെടെ എല്ലാ ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളും ഓരോ ആശുപത്രിയിലും നല്‍കണം.

ഗൈനക്കോളജിസ്റ്റിന്റെ സേവനം ഉള്ള ഓരോ ആശുപത്രിയും പ്രസവ കേസുകള്‍ക്ക് ചികിത്സയോ പ്രസവ പരിചരണമോ നല്‍കണം. കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളായ രോഗികള്‍ക്ക് കൃത്യമായ ഐസൊലേഷന്‍ നല്‍കണം. അപകടസാധ്യതയില്‍ നിന്ന് നവജാതശിശുക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പരിചരണവും ലഭ്യമാക്കണം.ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.