കേപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തലശ്ശേരി എൻജിനിയറിങ് കോളേജിൽ 2020-21 അക്കാദമിക് വർഷം മുതൽ എം.ബി.എ പ്രോഗ്രാം ആരംഭിക്കാൻ അനുമതി ലഭിച്ചു.  കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ പ്രത്യേകം സെന്ററായാണ് കോഴ്‌സ് ആരംഭിക്കുക.  കേരള സർക്കാരിന്റെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരം നേരത്തെ നേടിയതിനാൽ 2020-21 വർഷം ൽ കോഴ്‌സ് തുടങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

കേപ്പിനു കീഴിൽ 2000 ത്തിൽ മൂന്ന് എൻജിനിയറിങ് ബ്രാഞ്ചുമായി ആരംഭിച്ച തലശ്ശേരി എൻജിനിയറിങ് കോളേജ് ഇന്ന് ആറ് ബി.ടെക്, രണ്ട് എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകളുള്ള ഉത്തര കേരളത്തിലെ മികച്ച എൻജിനിയറിങ് കോളേജുകളിലൊന്നാണ്.  16 കമ്പനികളിലായി ഈ വർഷം 169 വിദ്യാർഥികൾ ക്യാമ്പസ് പ്ലേസ്‌മെന്റ് നേടി.

ക്യാമ്പസിൽ പുതുതായി എം.ബി.എ കോഴ്‌സ് കൂടി ആരംഭിക്കുന്നതോടെ കുസാറ്റ് അംഗീകാരമുള്ള മലബാറിലുള്ള ഏക മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കൂടിയായി മാറുകയാണ് തലശ്ശേരി എൻജിനിയറിംഗ് കോളേജ്.  നവംബർ മാസത്തിൽ ക്ലാസുകൾ ആരംഭിക്കേണ്ടതിനാൽ ഈ മാസം തന്നെ അഡ്മിഷൻ ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.  60 വിദ്യാർഥികൾക്കാണ് ഒരു ബാച്ചിൽ പ്രവേശനം.

സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം.
കൊച്ചിൻ സർവകലാശാല നൽകുന്ന സ്‌പെഷ്യലൈസേഷനുകളിൽ നിന്ന് താല്പര്യമുള്ള മേഖല വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം.  ഫോൺ: 0490 2388930, 6238340901.  കൂടുതൽ വിവരങ്ങൾക്ക്:  http://mba.cethalassery.ac.in.