കരകൗശല ഉൽപ്പന്നങ്ങൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള പ്രമേയാധിഷ്ഠിത ഷോറൂമും സ്ഥിരം പ്രദർശന വിപണന വേദിയും തിരുവനന്തപുരത്ത് തുറന്നു. എസ്.എം.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്ന് നിർമ്മിച്ച സെന്റിനറി കെട്ടിടത്തിലാണ് കേരള കരകൗശല വികസന കോർപ്പറേഷന്റെ പുതിയ സംരംഭം. രണ്ട് പദ്ധതികളുടെയും ഉദ്ഘാടനം വ്യവസായമന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു.
പരമ്പരാഗത കരകൗശല തൊഴിലാളികളുടെ സേവനങ്ങളെ കാലാനുസൃത മാറ്റങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് കരകൗശല ഉത്പന്നങ്ങൾക്ക് പ്രദർശന- വിപണന കേന്ദ്രവും പ്രമേയാധിഷ്ഠിത ഷോറൂമും ഒരുക്കിയത്. വിനോദ സഞ്ചാരികളെ കൂടി ലക്ഷ്യമിട്ടാണ് പദ്ധതി. വിശാലമായ കോൺഫറൻസ് ഹാളും ഇവയ്ക്കൊപ്പം ഒരുക്കിയിട്ടുണ്ട്.
കലാകാരൻമാരെ ക്ഷണിച്ച് നിർമ്മാണത്തിനും വിപണനത്തിനും അവസരം നൽകും. മരത്തടി, വെങ്കലം, ഓട്, അലുമിനിയം, ബ്‌ളാക്ക് മെറ്റൽ തുടങ്ങിയവയിൽ നിർമ്മിക്കുന്ന ശിൽപ്പങ്ങൾ, അലങ്കാര വസ്തുക്കൾ, ഗിഫ്റ്റുകൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ ഷോറൂമിൽ ലഭിക്കും. കേരള കൈത്തറി സാരി, അഷ്ടമംഗല്യ സെറ്റ്, തൃശ്ശൂർപൂരം ആനകൾ, നെറ്റിപ്പട്ടം, ആറൻമുള കണ്ണാടി, കാസർഗോഡ് സാരി, ചന്ദനത്തൈലം, ചുണ്ടൻവള്ളം, സുഗന്ധവ്യഞ്ജന സെറ്റ് തുടങ്ങിയവ അടങ്ങുന്ന കേരള ക്രാഫ്റ്റ്‌സ് ഗിഫ്റ്റ് പാക്കേജ് തുടങ്ങിയവ പവലിയനിൽ വിൽപ്പനക്കായി ഒരുക്കും. കൊവിഡ് സാഹചര്യത്തിൽ പ്രതിസന്ധിയിലായ കരകൗശല കലാകാരൻമാർക്ക് ആശ്വാസമാകുന്നതാണ് പുതിയ പദ്ധതികൾ.
വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽ കുമാർ, എം.ഡി എൻ.കെ.മനോജ്, കൈത്തറി വകുപ്പ് ഡയറക്ടർ കെ.സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു