എറണാകുളം : മത്സ്യഫെഡിന്റെ ജല വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഞാറക്കലും, മാലിപ്പുറവും, 24 ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു. ടൂറിസ്റ്റുകളെ വരവേല്‍ക്കുവാനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് കോവിഡ് മൂലം 8 മാസക്കാലത്തോളം അടച്ചിട്ടിരുന്ന ഫാമുകൾ.

കേടുപാടുകള്‍ തീര്‍ത്തും, മോടിപിടിപ്പിച്ചും ജീവനക്കാര്‍ പഴയതിനേക്കാള്‍ ഭംഗിയാക്കിക്കൊണ്ടിരിക്കുകയാണ് 2 ജലവിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുനരാരംഭിക്കുമ്പോള്‍ നൂതനമായ പല ടൂറിസം പാക്കേജുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് മത്സ്യഫെഡ് ഫിഷ് ഫാംസ് ആന്‍ഡ് അക്വ ടൂറിസം സെന്റര്‍ മാനേജര്‍ നിഷ പി പറഞ്ഞു.

ഒരാള്‍ക്ക് 350 രൂപ മുതല്‍ 400 രൂപ വരെയുള്ള കോമ്പിനേഷന്‍ പാക്കേജുകളും, മുളംകുടില്‍, വഞ്ചിതുരുത്തിലെ ഏറുമാടം, തുടങ്ങിയ സ്‌പെഷ്യല്‍ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്, വൈകുന്നേരങ്ങളില്‍ സ്‌പെഷ്യല്‍ ഇവനിങ് പാക്കേജുകളും ഉണ്ട്. ഇവനിങ് പാക്കേജിലെ കായല്‍ സവാരി ഒരു പ്രധാന ആകര്‍ഷണമാണ്. ഞാറക്കല്‍, മാലിപ്പുറം ജല വിനോദസഞ്ചാര കേന്ദ്രങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന ‘ദ്വയം’ എന്ന ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പാക്കേജും ലഭ്യമാണ്. സ്‌പെഷ്യല്‍ പാക്കേജുകള്‍ക്ക് 650രൂപയും, ദ്വയം പാക്കേജിന് 600 രൂപയുമാണ് നിരക്ക്. പൂമീന്‍ ചാട്ടം, കട്ടവഞ്ചി, സോളാര്‍ ബോട്ട്, വാട്ടര്‍സൈക്കിള്‍, കയക്കി, കണ്ടല്‍ പാര്‍ക്കിലൂടെ പെഡല്‍ ബോട്ടിംഗ്, റോയിംഗ് ബോട്ട് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.

രണ്ട് അക്വാടൂറിസം സെന്ററുകളിലെയും ഭക്ഷണശാല നടത്തുന്ന സൗപര്‍ണ്ണിക, വന്ദനം എന്നീ 2 വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങളും കൊതിയൂറുന്നതും വൈവിദ്ധ്യമാര്‍ന്നതുമായ മത്സ്യവിഭവങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കി കാത്തിരിക്കുകയാണ്. ചൂണ്ടയിട്ടു ലഭിക്കുന്ന മീനുകള്‍ ആവശ്യാനുസരണം പാചകം ചെയ്തും നല്‍കും. മീനിന്റെ വില നല്‍കിയാല്‍ ചൂണ്ടയില്‍ കൊത്തുന്ന മത്സ്യം കൊണ്ടുപോകുകയുമാവാം. ഫാമില്‍നിന്നും പിടിക്കുന്ന ഫ്രഷ് മത്സ്യം കൊണ്ടുണ്ടാക്കിയ ഇവിടുത്തെ ഉച്ചയൂണ് പണ്ടേ പ്രസിദ്ധമാണ്. സ്‌പെഷ്യല്‍ വിഭവങ്ങളായി, കക്ക, ഞണ്ട്, ചെമ്മീന്‍, തുടങ്ങിയവയും ഉണ്ട്. ഇറച്ചിയും ലഭ്യമാണ്. നേരത്തെ ഓര്‍ഡര്‍ കൊടുക്കണമെന്ന് മാത്രം.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സന്ദര്‍ശകരെ അനുവദിക്കുക. അതുകൊണ്ടുതന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ 9497031280, 952604077, 9526041199