ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രം നടത്തുന്ന ബാലാവകാശ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുമായി ബന്ധപ്പെട്ട മികച്ച റിപ്പോര്‍ട്ടിംഗിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മലയാള മനോരമ റിപ്പോര്‍ട്ടര്‍ ജെയ്‌സണ്‍ തോമസിന് സമ്മാനിക്കും. കുട്ടികളുടെ അവകാശങ്ങള്‍, അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ബാലസൗഹൃദ തദ്ദേശഭരണം എന്നിവ അടിസ്ഥാനമാക്കി 2017 നവംബര്‍ 17 ന് പ്രസിദ്ധീകരിച്ച ‘കരുതാം കുട്ടികളെ’ , ഡിസംബര്‍ 1 ന് പ്രസിദ്ധീകരിച്ച ‘കുഞ്ഞേ മാപ്പ്’ എന്നീ റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്. മാര്‍ച്ച് 31 ന് കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ ജില്ലാകലക്ടര്‍ എസ്. സുഹാസ് സമ്മാനിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. വാരാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല പെയിന്റിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.
