ബാങ്കുകളുടെയും ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും 2017-18ലെ മൂന്നാം സാമ്പത്തിക പാദത്തിന്റെ ജില്ലാതല അവലോകന യോഗം നടന്നു. വിദ്യാഭ്യാസ ലോണ്‍ തിരിച്ചടവില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടി സംബന്ധിച്ച് പൊതുജന പരാതി ഏറി വരുന്നതായും ഇക്കാര്യത്തില്‍ ബാങ്കുകളുടെ ക്രിയാത്മക സഹകരണം ആവശ്യമാണെന്നും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച എഡിഎം കെ.രാജന്‍ പറഞ്ഞു. സാമൂഹ്യസുരക്ഷ പദ്ധതികളില്‍ ലോണ്‍ പാസാക്കുന്നതില്‍ അനുതാപപൂര്‍ണമായ സഹകരണം ബാങ്ക് മേധാവികള്‍ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സി ഡി റേഷ്യോ 54ശതമാനമാക്കി ഉയര്‍ത്താനായത് നേട്ടമാണെന്ന് ലീഡ് ബാങ്ക് മാനേജര്‍ സി.വി. ചന്ദ്രശേഖരന്‍ പറഞ്ഞു. റവന്യു റിക്കവറി അദാലത്തില്‍ നിന്ന് 2.11 കോടി രൂപ സമാഹരിച്ചതായും ഏപ്രില്‍ എട്ട് മുതല്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി ചേര്‍ന്നുളള ലോക് അദാലത്തുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളുടെ ജില്ലാ ക്രെഡിറ്റ് പ്ലാന്‍ 2017-18 സാമ്പത്തിക വര്‍ഷം 16196 കോടി രൂപയാണ്. ഡിസംബറില്‍ അവസാനിച്ച ആഴ്ചയിലെ കണക്കു പ്രകാരം 11723 കോടി രൂപ വായ്പ ഇനത്തില്‍ ചെലവഴിച്ചു. പ്രയോരിറ്റി സെക്ടറില്‍ 9348 കോടിയാണ് ചെലവഴിച്ചത്. കാര്‍ഷിക വിഭാഗത്തില്‍ 4624.59 കോടി ചെലവഴിച്ചു. വാര്‍ഷിക ടാര്‍ജറ്റ് 6668.32 കോടിയാണെന്നിരിക്കെ 69 ശതമാനം നേട്ടമാണുണ്ടാക്കിയത്. വിദ്യാഭ്യാസ ലോണ്‍ ഇനത്തില്‍ വിവിധ ബാങ്കുകള്‍ 3356 ലക്ഷം രൂപ അനുവദിച്ചു. വിദ്യാഭ്യാസലോണും ഭവന വായ്പയും ഉള്‍പ്പെടുന്ന ടേര്‍ഷ്യറി സെക്ടറില്‍ 3424.25 കോടി ചെലവഴിച്ച് 145 ശതമാനം നേട്ടമുണ്ടാക്കി.
വിവിധ ലൈന്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അവലോകനവും നടന്നു. ബാങ്കുകളിലെ വായ്പ തിരിച്ചടവുകളില്‍ മുടക്കം വരാതിരിക്കാന്‍ വായ്പ അനുവദിക്കാന്‍ ഇടനിലക്കാരാകുന്ന വകുപ്പുകളും ശ്രദ്ധ ചെലുത്തണമെന്ന് റിസര്‍വ്വ് ബാങ്ക് എജിഎം ജോസഫ്. സി പറഞ്ഞു. വിദ്യാഭ്യാസ ലോണുകളുടെ തിരിച്ചടവ് സുഗമമാക്കുന്നതിന് ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് ലിസ്റ്റ് തയ്യാറാക്കി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടപടി ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ലോണ്‍ പദ്ധതികളെ കുറിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് പി.ആര്‍.ഡിയുടെ പ്രസിദ്ധീകരണങ്ങളും ഒപ്പം ബാങ്ക് ഹാന്‍ഡ് ബുക്കും ഉപയുക്തമാക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലോണുകളുടെ തിരിച്ചടവ് കൃത്യമാക്കുന്നതിന് ബാങ്കിങ് റീപേയ്‌മെന്റ് മോണിറ്ററിങ് അതോറിറ്റി കുടുംബശ്രീ രൂപീകരിച്ചിട്ടുണ്ടെന്നും ഇന്‍സ്‌പെക്ഷന്‍ ചാര്‍ജ്ജ്, സര്‍വ്വീസ് ചാര്‍ജ്ജ്, പ്രോസസിംഗ് ഫീ എന്നിവ വിവിധ ബാങ്കുകള്‍ വിവിധ തരത്തില്‍ ഈടാക്കുന്നത് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും എഡിഎംസി സാബു സി മാത്യു പറഞ്ഞു. അപേക്ഷകള്‍ പാസ്സാക്കുന്നതിലെ കാലതാമസം ബാങ്കുകള്‍ ഒഴിവാക്കണമെന്നും നടപ്പാക്കാനാവാത്ത വളരെ വേഗം നടപടി പൂര്‍ത്തിയാക്കി തിരിച്ചു നല്‍കണമെന്നും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ ആവശ്യമുന്നയിച്ചു. സ്റ്റേറ്റ് ബാങ്ക് ഡിജിഎം ജയതീര്‍ത്ഥ വി ജയ്‌നാപുര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ബാങ്ക്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.