ആലപ്പുഴ: വിദ്യാരംഭവും ബൊമ്മഗുലുവും അവരവരുടെ വീടുകളിലോ ചുരുങ്ങിയത് രണ്ടോ മൂന്നോ അടുത്ത കുടുംബങ്ങളുടെ കൂട്ടായ്മയായോ നടത്താം. കണ്ടയ്ൻമെന്റ് സോണിലെ കുടുംബങ്ങൾ ഒരു കാരണവശാലും വീടിന് പുറത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, 65 വയസ്സിന് മുകളിലും 10 വയസ്സിന് താഴെയും പ്രായമുള്ളവർ വീട്ടിൽ തന്നെ കഴിയുക. ഒത്തുകൂടലിന് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കണം. ( 40 പേരിൽ കൂടുതൽ ആഘോഷങ്ങൾക്കായി ഒരുമിക്കരുത്).
വിദ്യാരംഭം – ചടങ്ങുകളിൽ പ്രത്യേകം ശ്രദ്ധിക്കണം
രോഗലക്ഷണങ്ങൾ ഉള്ളവർ ചടങ്ങിൽ പങ്കെടുക്കരുത്.
ആളുകളുടെ പ്രവേശനം നിയന്ത്രിക്കണം. തിരക്കുണ്ടാകരുത്, രോഗലക്ഷണങ്ങളുള്ളവരെ പ്രവേശിപ്പിക്കരുത്. പങ്കെടുക്കുന്നവർ മറ്റുള്ളവരിൽ നിന്നും ആറ് അടി അകലമുറപ്പാക്കണം. സാമൂഹിക അകലത്തിനായി സജ്ജീകരിച്ചിരിക്കുന്ന ബാരിയറുകൾ, അടയാളങ്ങൾ എന്നിവ ശ്രദ്ധിക്കുകയും അനുസരിക്കുകയും വേണം. പങ്കെടുക്കുന്നവർ നിർബന്ധമായും മാസ്‌ക് ശരിയായി ധരിച്ചിരിക്കണം. ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കണം. നാവിലക്ഷരങ്ങൾ കുറിക്കാനുപയോഗിക്കുന്ന സ്വർണ്ണമോതിരം പോലുള്ള വസ്തുക്കൾ ഒന്നിലധികം കുഞ്ഞുങ്ങളിൽ ഉപയോഗിക്കരുത്. പങ്കെടുക്കുന്നവരുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് ജില്ലാമെഡിക്കലാഫീസർ(ആരോഗ്യം) അറിയിച്ചു.