പാലക്കാട്: കോവിഡ് മഹാമാരിയുടെ കാലത്ത് നമുക്ക് ഒരു കത്ത് എഴുതിയാലോ.. കരുതലോടെ ഇരിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പ്രിയപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഒരു കത്ത്.. നവമാധ്യമങ്ങളുടെ ഈ കാലത്ത് ഇന്‍ലന്‍ഡും പോസ്റ്റ് കാര്‍ഡും പരിചിതമല്ലാത്ത ഒരു തലമുറയ്ക്ക് അതൊരു അതിശയം ആയിരിക്കും. വിരല്‍ത്തുമ്പില്‍ സന്ദേശങ്ങള്‍ എത്തുന്ന ഈ കാലത്ത് സ്നേഹത്തോടെ,  കരുതലോടെ പോസ്റ്റ്കാര്‍ഡില്‍ എഴുതിയ ഒരു കത്ത്.. അത് ഏറെ വിലപ്പെട്ടതായിരിക്കും.

തപാല്‍ സംവിധാനങ്ങളുടെ ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പോസ്റ്റ് കാര്‍ഡ് കരുതലിന്റെ കത്ത് എന്ന പേരില്‍ എത്തിക്കുകയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ (ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്) ഐ.എ.ജി യുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മലശ്രീ പോസ്റ്റ് കാര്‍ഡ് തപാല്‍ പെട്ടിയില്‍ നിക്ഷേപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കരുതലിന്റെ കത്ത്’ അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മലശ്രീ കത്ത് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

പരിപാടിയുടെ ആദ്യഘട്ടമായി 1000 പോസ്റ്റ്കാര്‍ഡുകളാണ് വിവിധ മേഖലകളിലെ ആളുകളിലേക്കെത്തിച്ച് അവരുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. തുടര്‍ന്ന് കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍, സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രചാരണം വ്യാപിപ്പിക്കും. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ് ഗീത, ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് ടി.കൃഷ്ണകുമാര്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് സി.ശില്പ, ഐ.എ.ജി കണ്‍വീനര്‍ എം.പി.മനോജ് എന്നിവര്‍ പങ്കെടുത്തു.