പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചരില്‍ നിന്ന് 7800/- രൂപ പിഴ ഈടാക്കി
കൊച്ചി: മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഹരിത നടപടിക്രമം വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ.സഫിറുള്ള മലകയറി കുരിശുമുടിയിലെത്തി. ഹരിതനടപടിക്രമം പാലിക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. തീര്‍ഥാടന കാലത്ത് കുരിശുമുടിയിലെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ഥം റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റും. പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 10.00 മണിയോടുകൂടി അടിവാരത്തെത്തിയ കളക്ടര്‍, മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി ബേബി, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബേബി സാജന്‍, പള്ളി ഭാരവാഹികള്‍ എന്നിവരോട് താര്‍ത്ഥാടനകാലത്തെ ഒരുക്കങ്ങള്‍ സംബന്ധിച്ച് ആശയവിനമയം നടത്തി. ഗ്രീന്‍ വോളന്റിയേഴ്‌സായി തീര്‍ത്ഥാടനകാലത്ത് പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം സെന്റ്.തെരേസാസ് കോളേജ് വിദ്യാര്‍ത്ഥികളോടും സെന്റ്.തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളോടും സ്‌കൗട്ട് ഗൈഡുകളോടും ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി ആരാഞ്ഞു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍വ്വഹണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വോളന്റിയേഴ്‌സിന്റെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പള്ളി ഭാരവാഹികളുടെയും സഹായത്തോടെ, പ്രവേശന കവാടത്തില്‍ വച്ചുതന്നെ തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ക്യാരി ബാഗുകളും സ്റ്റിക്കര്‍ പതിപ്പിച്ച് പത്തുരൂപ ഈടാക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വനപാതയില്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് ഈടാക്കുന്ന പത്തു രൂപ മടക്കി കൊടുക്കുകയും ചെയ്യുന്നു. അടിവാരത്തെ വ്യാപാര സ്ഥാപനങ്ങളിലും താത്ക്കാലിക സ്റ്റാളുകളിലും തീര്‍ത്ഥാടനകാലത്ത് ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കപ്പുകളും, ബോട്ടിലുകളും, ഡിസ്‌പോസിബിള്‍ പാത്രങ്ങളും, കപ്പുകളും നിരോധിച്ചിട്ടുള്ളതാണ്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്ത് കടകളില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച പുനരുപയോഗസാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചവരെ കണ്ടെത്തി 7800/- രൂപ പിഴ ഈടാക്കി. തീര്‍ത്ഥാടനം അവസാനിക്കുന്നതു വരെ താല്‍ക്കാലിക സ്റ്റാളുകളില്‍ പരിശോധന കര്‍ശനമാക്കുന്നതിനും, മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാത്ത വിധം മുന്‍കരുതലുകള്‍ എടുക്കുന്നതിനും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ തീര്‍ത്ഥാടന പാതയിലൂടെ സഞ്ചരിച്ച് കുരിശുമുടിയിലെത്തുകയും പള്ളി ഭാരവാഹികളുമായി തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ വിലയിരുത്തുകയും ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.