തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ ഗവ. എഞ്ചിനീയറിങ് കോളജിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ അഡ്മിനിസിട്രേറ്റിവ് ബ്ലോക്കിന്റെ മൂന്നാം നിലയാണു 95 ലക്ഷം രൂപ ചെലവിൽ നിർമിച്ചത്. സ്മാർട്ട് ക്ലാസ്സ്റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ തുടങ്ങി വിവിധ സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്തു ഗുണനിലവാരവും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുക എന്നതാണു സർക്കാരിന്റെ ലക്ഷ്യങ്ങളിൽ പ്രധാനമെന്നു മുഖ്യമന്ത്രി പറഞ്ഞു. കോളജുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും അക്കാദമിക്ക് വികസനത്തിനുമായി കിഫ്ബിയിൽ ഉൾപ്പെടത്തി 700 കോടി  രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. സർവകലാശാലകളിലും, എയ്ഡഡ്- അൺ എയ്‌ഡെഡ്  കോളജുകളിലും പുതിയ അധ്യാപക – അനധ്യാപക തസ്തികകൾ രൂപീകരിച്ചു. ഇതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച രീതിയിൽ ഉള്ള മാറ്റങ്ങൾ കണ്ടുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ഓൺലൈൻനായി അധ്യക്ഷത വഹിച്ചു. കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി. സത്യൻ എം.എൽ.എ, കൗൺസിലർ എസ്. ശ്രീലത, ജനപ്രതിനിധികൾ, കോളേജ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.