കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ ഹാച്ചറി കേന്ദ്രത്തിന് തറക്കല്ലിട്ടു
പുതിയങ്ങാടിയില്‍ അനുവദിച്ച ഫിഷ്‌ലാന്റിംഗ് സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തി ഡിസംബറോടെ ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുതിയങ്ങാടിയില്‍ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ കല്ലുമ്മക്കായ- കടല്‍ മത്സ്യ ഹാച്ചറിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലബാറിന്റെ തന്നെ അഭിമാനകരമായ പദ്ധതിയാണ് പുതിയങ്ങാടിയില്‍ ആരംഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കല്ലുമ്മക്കായ, കടല്‍മത്സ്യ വിത്തുല്‍പാദനത്തിന് നേരിട്ടൊരു ഹാച്ചറി എന്ന ആശയമാണ് കണ്ണൂരില്‍ യാഥാര്‍ഥ്യമാകുന്നത്. തീരദേശ വികസന പ്രവര്‍ത്തനങ്ങളില്‍ മലബാര്‍ മേഖലയ്ക്ക് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. കല്ലുമ്മക്കായ കൃഷി ഏറ്റവും കൂടുതലായി കാണപ്പെടുന്ന മലബാര്‍ മേഖലയില്‍ ഹാച്ചറി ആരംഭിക്കുന്നതോടെ ഈ രംഗത്ത് വലിയ കുതിപ്പാകും.മത്സ്യകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയായി ഇത് മാറും. സി എം എഫ് ആര്‍ ഐ യുടെ സഹായത്തോടെ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഗുണനിലവാരമുള്ള വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നത്. അത് ഒരു കോടിയിലേക്കുയര്‍ത്തണം. ഈ സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയിലുണ്ടായ വളര്‍ച്ച എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ മത്സ്യോല്പാദന വര്‍ധനവിനായി ഫിഷറീസ് വകുപ്പിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടേയും നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. മത്സ്യ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ഗുണമേന്മയുള്ള മത്സ്യവിത്ത് ആവശ്യാനുസരണം ലഭ്യമാകുന്നില്ല എന്നതാണ്. മത്സ്യവിത്തിന്റെ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളില്‍ നിന്നോ അല്ലെങ്കില്‍ ജലാശയങ്ങളില്‍ നിന്ന് നേരിട്ടോ ആണ് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കല്ലുമ്മക്കായ വിത്തിനും വിവിധ കടല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദനത്തിനും ഗുണമേന്മയുള്ള പൊരുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമാണ് പുതിയങ്ങാടിയിലെ കല്ലുമ്മക്കായ കടല്‍ മത്സ്യ വിത്തുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍വഹിക്കും.
കല്ലുമ്മക്കായ വിത്തുല്‍പ്പാദനത്തിനാവശ്യമായ മോഡുലാര്‍ ഹാച്ചറി സൗകര്യങ്ങളും, കടല്‍ മത്സ്യങ്ങളുടെ വിത്തുല്‍പ്പാദനത്തിനും സംരക്ഷണത്തിനുമാവശ്യമായ ലൈവ് ഫീഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, ആല്‍ഗല്‍ കള്‍ച്ചര്‍ യൂണിറ്റ് , പൊരുന്ന മത്സ്യങ്ങളുടെ സംരക്ഷണത്തിനും വിത്തുല്‍പ്പാദനത്തിനും ആവശ്യമായ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ലാര്‍വല്‍ റയറിംഗ് ടാങ്കുകള്‍, ലബോറട്ടറി സംവിധാനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തുമാസത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം. 5 കോടി രൂപ ചെലവിലാണ് മത്സ്യ വിത്തുല്‍പാദന കേന്ദ്രം സ്ഥാപിക്കുന്നത്. വിത്തുല്‍പാദനത്തിനും റെയറിംഗിനുമായി 1208.6 ചതുരശ്ര മീറ്ററില്‍ ഹാച്ചറി കെട്ടിടം, 133 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ് സംവിധാനം, 30 ടണ്‍ കപ്പാസിറ്റിയുള്ള എഫ് ആര്‍ പി ടാങ്ക്, മത്സ്യ വിത്തുല്‍പാദന കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബ്ലോവറുകള്‍,ഓസണേറ്റര്‍ , റാപ്പിഡ് സാന്റ് ഫില്‍ട്ടറുകള്‍, സ്ലോ സാന്റ് ഫില്‍ട്ടറുകള്‍, ആധുനിക പ്ലംബിംഗ് സംവിധാനം ,വൈദ്യുതീകരണ പ്രവൃത്തികള്‍ എന്നിവയാണ് കെട്ടിടത്തില്‍ ഒരുക്കുക.
ടി വി രാജേഷ് എം എല്‍എ അധ്യക്ഷനായി. ഹാച്ചറിയുടെ ശിലാസ്ഥാപനം എംഎല്‍എ നിര്‍വഹിച്ചു.എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ സുഹറാബി, സിഎംഎഫ് ആര്‍ ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡയറക്ടര്‍ സി എ ലത, അഡാക്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ ദിനേശന്‍ ചെറുവാട്ട്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി തുടങ്ങിയവര്‍ പങ്കെടുത്തു. കെ എസ് സി എ ഡി സി ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.