പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയോട് അനുബന്ധിച്ച് കിഫ്ബി ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
1.17 കോടി രൂപ ചെലവിലാണ് ഡയാലിസിസ് കേന്ദ്രത്തിന്റെ പൊതുമരാമത്ത് പ്രവൃത്തിയും അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയാക്കിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഡയാലിസിസ് സെന്ററിന് പയ്യന്നൂര്‍ നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 18 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. 10 കിടക്കകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഒരുക്കിയത്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വൃക്കരോഗികള്‍ക്ക് വലിയ ഡയാലിസിസ് കേന്ദ്രം ഏറെ ആശ്വാസമാകും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പരിശോധനയ്ക്കു ശേഷമായിരിക്കും രോഗികളെ പ്രവേശിപ്പിക്കുക. കൊവിഡ് പരിശോധനകളും നടത്തും.
പരിപാടിയില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിഎംഒ ഡോ. കെ നാരായണ നായിക്, നഗരസഭ അധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍, താലൂക്കാശുപത്രി സൂപ്രണ്ട് എം രാജേഷ്, നഗരസഭ ഉപാധ്യക്ഷ കെ പി ജ്യോതി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം സഞ്ജീവന്‍, പിവി കുഞ്ഞപ്പന്‍, പിപി ലീല, പുത്തലത്ത് ഇന്ദുലേഖ, വി ബാലന്‍, ജില്ല ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആശുപത്രിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി സി കൃഷ്ണന്‍ എംഎല്‍എ പ്രകാശനം ചെയ്തു. പയ്യന്നൂരിലെ ചിത്രകാരന്‍മാരുടെ കൂട്ടായ്മ വരച്ച ചിത്രങ്ങളും കേന്ദ്രത്തിന് കൈമാറി.
