മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മികച്ച പൊലീസ് സംവിധാനം കേരളത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ആരംഭിച്ച സൈബർ പൊലീസ് സ്റ്റേഷനുകൾ സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തിൽ വലിയ പങ്ക് വഹിക്കുന്ന സംവിധാനമായി മാറും. ആധുനിക കാലത്തെ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് അത്യാധുനിക രീതികൾ നടപ്പിലാക്കിയ നാടാണ് നമ്മുടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1.45 കോടി ചെലവിലാണ് മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പണി പൂർത്തീകരിച്ചത്. വനം വകുപ്പ് നൽകിയ പതിനെട്ടര സെൻറ് സ്ഥലത്താണ് 7500 സ്ക്വയർ ഫീറ്റിൽ മൂന്നു നിലകളിലായി പുതിയ കെട്ടിടം. ഇരു നിലകളിലായി 11 മുറികൾ, ഹാൾ, ശുചിമുറി, മൂന്നാം നിലയിൽ ഡോർമെറ്ററി എന്നി സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിലുള്ളത്. പൊലീസ് സ്റ്റേഷന് ആവശ്യമായ കെട്ടിടങ്ങൾ പണിയുന്നതിന് 30 സെൻറ് സ്ഥലം ടാറ്റ പ്ലാന്റെഷൻ വിട്ടുനൽകും.

ബി ഡി ദേവസ്സി എം എൽ എ, അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വർഗീസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷേക്ക് ദർവേഷ് സാഹിബ്‌, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷ്‌, മലക്കപ്പാറ എസ് എച്ച് ഒ ഡി ദീപു തുടങ്ങിയവർ പങ്കെടുത്തു.