പത്തനംതിട്ട : വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും നാലു നഗരസഭകളിലുമായി 119 അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലപ്പെടുത്തി സാങ്കേതിക രംഗം ശക്തമാക്കാന്‍ നാലു വര്‍ഷക്കാലയളവില്‍ അക്ഷയയ്ക്ക് സാധിച്ചു. ജില്ലയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നായകര്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ കോര്‍ത്തിണക്കി അക്ഷയ നടത്തിയ ജനസേവനപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.
ചിട്ടയായ ഓഫീസ് പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷുറന്‍സ് വ്യാപനം, വിവിധ ബാങ്കുകളുടെ കീയോസ്‌ക്കുകളുടെ പ്രവര്‍ത്തനം, വിവിധ ബില്ലുകള്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍, നൂതന ആശയങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുക, സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങള്‍ സമയ ബന്ധിതവും കൃത്യവുമായി ജനങ്ങളിലെത്തിക്കുക എന്നിവയിലെല്ലാം ജില്ല മികച്ച നിലവാരം പുലര്‍ത്തുന്നു.
ആധാര്‍ എന്റോള്‍മെന്റിലും സംസ്ഥാനത്തെ മികച്ച ജില്ലയ്ക്കുള്ള പുരസ്‌കാരം പത്തനംതിട്ടയ്ക്ക് ലഭിച്ചു. സര്‍ക്കാര്‍ സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി ലഭിക്കുന്ന ഇ-ജില്ല പദ്ധതിയിലും ജില്ല മാതൃകയാണ്.
സമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് വിവിധ ക്യാമ്പുകളിലായി നടന്നു. നവജാതശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റ് പുരോഗമിക്കുന്നു. ശയ്യാവലംബരായ ആളുകളുടെ വീടുകളില്‍ അക്ഷയ പ്രതിനിധികള്‍ നേരിട്ടെത്തി ആധാര്‍ എന്റോള്‍മെന്റ് സേവനം നല്‍കിയതിലൂടെ സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ക്ക് തടസംനേരിട്ട നിരവധിപേര്‍ക്ക് കഴിഞ്ഞ നാലുവര്‍ഷ കാലയളവില്‍ ആശ്വാസമേകാന്‍ അക്ഷയയ്ക്ക് സാധിച്ചു. ആദിവാസി മേഖലകളില്‍ ആധാര്‍ എന്റോള്‍മെന്റ് നടത്തി.
സര്‍ക്കാര്‍സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി നല്‍കുന്ന ഇ-ജില്ലാ പദ്ധതി ജില്ലയില്‍ പരാതിരഹിതമായ തരത്തില്‍ സുതാര്യമായി നടക്കുന്നു. ഇ-പേയ്മെന്റ് സംവിധാനവും ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നു.
പത്തനംതിട്ട കളക്ടറേറ്റിനെ സംസ്ഥാനത്തെ ആദ്യ കറന്‍സിരഹിത കളക്ടറേറ്റായും ജില്ല കറന്‍സി രഹിതമാക്കുന്നതിനും അക്ഷയയ്ക്കു സാധിച്ചു. ഡിജിറ്റല്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസിയുടെ ഭാഗമായി ഒരു സ്ഥലത്തെ 10 വ്യാപാരികളും 40 ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം ക്യാഷ്ലെസായി പ്രഖ്യാപിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ജില്ലയില്‍ വ്യാപകമാക്കാന്‍ അക്ഷയയ്ക്കു സാധിച്ചത് ഈ രംഗത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റമാണ്. ഇതനുസരിച്ച് കളക്ടറേറ്റിലെ എല്ലാ ജീവനക്കാര്‍ക്കും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അക്ഷയ മുഖേന പരിശീലനം നല്‍കി. കളക്ടറുടെയും ജീവനക്കാരുടെയും ഫോണില്‍ സ്റ്റേറ്റ് ബാങ്ക് ബഡി എന്ന ഇ-വാലറ്റ്  ഡൗണ്‍ലോഡ് ചെയ്ത് സംസ്ഥാനത്തെ ആദ്യ കറന്‍സിരഹിത കലക്ടറേറ്റായി മാറ്റാന്‍ പോയ വര്‍ഷം അക്ഷയയ്ക്കു സാധിച്ചു.
ബാങ്കിങ് കിയോസ്‌ക്
ബാങ്കിങ്ങ് സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങളിലൂടെ നടപ്പാക്കിയതിന്റെ ഭാഗമായി ആരംഭിച്ച ബാങ്കിങ്ങ് കീയോസ്‌കുകളുടെ നടത്തിപ്പിലും ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാനായി. ജില്ലയിലെ 23 അക്ഷയ കേന്ദ്രങ്ങള്‍ ഇപ്പോള്‍ കീയോസ്‌കുകളായി പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് ബാങ്കുകളില്‍ നേരിട്ടെത്താതെ തന്നെ ബാങ്കുകളുടെ മിനി ബ്രാഞ്ചുകളായി പ്രവര്‍ത്തിക്കുന്ന  അക്ഷയ സി.എസ്.സി. കിയോസ്‌ക്കുകളിലൂടെ പ്രതിദിനം 20,000 രൂപവരെയുള്ള പണമിടപാടുകള്‍ നടത്താം. അക്ഷയ ബാങ്ക്  കിയോസ്‌ക്കുകളില്‍ പണം പിന്‍വലിക്കുന്നതിനും, ഡോപ്പോസിറ്റ് നടത്തുന്നതിനും, പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും   സൗകര്യമുണ്ട്. കൂടാതെ ആധാര്‍ ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകളും നടത്താന്‍ കഴിയും.സീറോ അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യവുമുണ്ട്. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ചും പണണിടപാടുകള്‍ നടത്താം. കൂടാതെ ആധാര്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിനുള്ള സൗകര്യവും അക്ഷയ ബാങ്ക് കിയോസ്‌ക്കുകളിലൂടെ ലഭിക്കും.
ശബരിമലയെ പ്ലാസ്റ്റിക്കില്‍ നിന്നും മാലിന്യത്തില്‍ നിന്നും മുക്തമാക്കുന്നതിനുള്ള മിഷന്‍ ഗ്രീന്‍ പദ്ധതിയിലും, ഹരിതകേരളം മിഷന്‍ പദ്ധതി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളം കംപ്യൂട്ടിംഗ് പരിശീലനം, സംയോജിത ഓണ്‍ലൈന്‍ പോക്ക് വരവ് ഡാറ്റാ എന്‍ട്രി, ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് വെബ് കാസ്റ്റിംഗ്, കോഴഞ്ചേരി, അടൂര്‍, റാന്നി താലൂക്കുകളിലെ 2,25,189 റേഷന്‍ കാര്‍ഡുകളുടെ ഡാറ്റാ എന്‍ട്രി, സാമൂഹ്യസുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് ഭിന്നശേഷികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനോടനുബന്ധിച്ചുള്ള ഡേറ്റാ എന്‍ട്രി, ദേശീയ ആരോഗ്യ ദൗത്യ മിഷനുമായി ബന്ധപ്പെട്ട ഡേറ്റാ എന്‍ട്രി, സാമൂഹ്യ സുരക്ഷാ, ക്ഷേമ പെന്‍ഷനുകളുമായി ബന്ധപ്പെട്ട് മസ്റ്ററിംങ്, കോവിഡ് സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തുകള്‍, ലൈഫ് മിഷന്‍ കുടുംബസംഗമത്തില്‍ ഐ ടി മിഷന്‍ അക്ഷയ സേവനങ്ങള്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഓണ്‍ലൈന്‍ അംഗത്വ രജിസ്ട്രേഷന്‍,  ഇ ഗവേണന്‍സ് ബോധവല്‍ക്കരണം എന്നിവയും സജീവ പങ്കാളിത്തം നല്‍കി.
സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താന്‍ വിഭവ് ആപ്ലിക്കേഷന്‍
സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അതിവേഗം ലഭ്യമാക്കാനായി തയ്യാറാക്കുന്ന വിഭവ് മൊബൈല്‍ ആപ്ലിക്കേഷനുവേണ്ടിയുള്ള വിവരശേഖരണം ജില്ലയില്‍ അക്ഷയയുടെ നേത്യത്വത്തില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആദ്യമായി അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഐ എസ് ഒ അംഗീകാരം ലഭിച്ചത് പോയ വര്‍ഷം പത്തനംതിട്ട ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്കാണ്. അക്ഷയകേന്ദ്രങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയ 121 ടാബ് ലെറ്റില്‍ 119 എണ്ണം ജില്ലയില്‍ വിതരണം ചെയ്തു.
പ്രളയക്കെടുതി: അദാലത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുത്തു നല്‍കി
ജില്ലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകളും, രേഖകളും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമേകി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സര്‍ട്ടിഫിക്കറ്റ് അദാലത്തുകള്‍ സംഘടിപ്പിച്ചു. അക്ഷയയുടെ സാങ്കേതിക സഹായത്താല്‍ താലൂക്ക് തലങ്ങളില്‍ സംഘടിപ്പിച്ച അദാലത്തുകളില്‍ നിരവധി ആളുകള്‍ക്ക് നഷ്ടപ്പെട്ട രേഖകളും,സര്‍ട്ടിഫിക്കറ്റുകളും തിരികെ ലഭിച്ചു.