തൃശ്ശൂര്‍:  നഗരസഭയിലെ വനിതാ ജീവനക്കാരുടെ താമസ സൗകര്യത്തിനായി ചാവക്കാട് നഗരസഭ ഹോസ്റ്റൽ സംവിധാനം ഏർപ്പെടുത്തി. കോവിഡും മറ്റ് യാത്രാ അസൗകര്യങ്ങളുമായി ബുദ്ധിമുട്ടുന്ന നഗരസഭയിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഇനി ഇവിടെ താമസിച്ച് ജോലി ചെയ്യാം. നഗരസഭ ഓഫീസിനോട് ചേർന്ന് ആർ കെ ഉമ്മർ സ്മാരക കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വനിതാ ജീവനക്കാർക്ക് വേണ്ടിയുള്ള ഹോസ്റ്റലിന്റെ നിർമാണം പൂർത്തീകരിച്ചത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 35 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.

ചാവക്കാട് നഗരസഭ വനിതാ ഹോസ്റ്റലിലെ ഉദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ബി രാജലക്ഷ്മി, സഫൂറ ബക്കർ, കൗൺസിലർമാരായ കാർത്ത്യായനി ടീച്ചർ, ജോയ്സി ടീച്ചർ, എ എച്ച് അക്ബർ, അസിസ്റ്റന്റ് എൻജിനീയർ ടി ജെ ജെസി, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.