വെള്ളത്തൂവല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണോദ്ഘാടന ശിലാഫലകം മന്ത്രി എം എം മണി അനാച്ഛാദനം ചെയ്യുന്നു

വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. ജില്ലയില്‍ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണമടക്കം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി എം.എം മണി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പൊതു വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍ ഹൈടെക്ക് ആക്കി മാറ്റി, 45,000 ഹൈടെക്ക് ക്ലാസ് റൂമുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയടക്കം തീര്‍ത്ത് നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ക്ഷേമപെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1400 രൂപയായി വര്‍ധിപ്പിച്ച് നല്‍കിയെന്നും മന്ത്രി പറഞ്ഞു. നാടിന്റെ പുരോഗതിക്കും വികസനത്തിനും ജനപ്രതിനിധികള്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്. രാജേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ നിരവധി പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ എം.എല്‍.എ പറഞ്ഞു.

ഒരു കോടി ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം, മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന ചെട്ടിയാരുപടി- പൂത്തല നിരപ്പ് റോഡിന്റെ നിര്‍മാണോദ്ഘാടനം, 29 ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച ചെങ്കുളം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ ആധുനിക നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം തുടങ്ങി പഞ്ചായത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികളാണ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തത്.

വെള്ളത്തൂവല്‍ ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആര്‍ ബിജി, വൈസ് പ്രസിഡന്റ് കവിത സന്തോഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് ചെറിയാന്‍, ശോഭ മനോജ്, ആനീസ് ബേബി, ഷേര്‍ളി ജോര്‍ജ്ജ്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
#vellathooval
#keralagovernment
#lsgd