ദേശീയ ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന കുടുംബസ്രീ മിഷനും ചേർന്ന് പട്ടാമ്പിയിൽ നടത്തുന്ന സരസ് മേളയ്ക്ക് മാർച്ച് 29ന് തുടക്കമാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ വൈകിട്ട് അഞ്ചിന് മേള ഉദ്ഘാടനം ചെയ്യും. പട്ടാമ്പി – പെരിന്തൽമണ്ണ റോഡിലെ മാർക്കറ്റ് പരിസരത്ത് തയ്യാറാക്കിയ 75000 ചതുരശ്ര അടി വിസ്തീർണമുളള വേദിയിലാണ് മേള നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള കരകൗശല വിദഗ്ധർക്കായി 240 സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. പഴയ നാടക ഗാനാവതരണം, മിമിക്സ് ചാക്യാർ, ബാംബൂ ഫോക്സ്, നാടൻപാട്ട്, മാപ്പിള ഗാനം, ഇസൽ സന്ധ്യ, ഓട്ടൻ തുളളൽ, ശാത്രീയ നൃത്തം, കുട്ടികളുടെ നാടകം, മിഴാവ് മേളം തുടങ്ങിയ കലാപരിപാടികൾ വിവിധ ദിവസങ്ങളിൽ നടക്കും. ഭക്ഷ്യമേള, ഉത്പ്പന്ന പ്രദർശന വിപണന മേള എന്നിവ സരസ് മേളയുടെ പ്രത്യേകതകളാണ്. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സംഭാവന നൽകിയ വ്യക്തികളെ പരിപാടിയിൽ ആദരിക്കും.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനാകുന്ന പരിപാടിയിൽ മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയെ ആദരിക്കും. എം.എൽ.എ മാരായ ഷാഫി പറമ്പിൽ, എൻ. ഷംസുദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, നഗരസഭാ ചെയർമാൻ കെ.പി. വാപ്പുട്ടി, ജില്ലാ കലക്ടർ ഡോ. പി. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മുഹമ്മദാലി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. എഴുത്തുകാരി ദീപ നിശാന്ത് പ്രഭാഷണം നടത്തും. തുടർന്ന് സ്വരലയ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.
ഗ്രാമീണ ഉത്പ്പന്നങ്ങൾക്ക് ദേശീയ തലത്തിൽ വിപണി കണ്ടെത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. ഏപ്രിൽ ഏഴിന് മേള അവസാനിക്കും.
