സാധ്യമായ മേഖലകളിലെല്ലാം പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.
ഇടുക്കി കട്ടപ്പന അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ടയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പുതുതായി ആരംഭിച്ച രണ്ട് മാവേലി സൂപ്പര്‍ സ്റ്റോറുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുകയെന്ന നിലയില്‍ പൊതുവിതരണ രംഗം കൂടുല്‍ മെച്ചപ്പെട്ടു. മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളായും സൂപ്പര്‍ സ്റ്റോറുകള്‍ ഹൈപ്പര്‍മാര്‍ക്കെറ്റുകളാക്കിയും പൊതുവിതരണ രംഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന പതിനാലിന സാധനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇന്ത്യയില്‍ ഭക്ഷ്യ ഉല്പ്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധന എട്ട് പോയിന്റോളം ഉയര്‍ന്നപ്പോള്‍ കേരളത്തിലത് ഒരു പോയിന്റ് മാത്രമാണ് ഉയര്‍ന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രധാന നഗരങ്ങളിലെല്ലാം തുടങ്ങുകയാണ് ലക്ഷ്യം. വാതില്‍പടി വില്‍പ്പനയെന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ വിപണനവും പൊതുവിതരണ മേഖലയില്‍ ആവിഷ്‌കരിക്കും. കോവിഡ് പ്രതിസന്ധിയിലും ജനങ്ങള്‍ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തും ഉല്പ്പന്നങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തിയും പൊതുവിതരണ വകുപ്പും സര്‍ക്കാരും ജനങ്ങളുടെ താല്പര്യം സംരക്ഷിച്ചു. എല്ലാ പഞ്ചായത്തിലും സപ്ലൈകോ വില്പനശാലകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം.

നിലവില്‍ വില്‍പ്പനശാലകള്‍ ഇല്ലാത്ത 9 പഞ്ചായത്തുകളില്‍ കൂടി അവ തുറക്കാനുള്ള ശ്രമം നടക്കുന്നു. ഇടമലക്കുടിയില്‍ മൊബൈല്‍ വില്പനശാല ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മാട്ടുക്കട്ടയില്‍ ആരംഭിച്ച സപ്ലൈകോയുടെ പുതിയ മാവേലി സൂപ്പര്‍ സ്റ്റോര്‍ അങ്കണത്തില്‍ പ്രാദേശിക യോഗത്തിന് ഇ.എസ്.ബിജിമോള്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മുന്‍ ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ എംഎല്‍ എ ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്ത് ആശംസയര്‍പ്പിച്ചു. അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദ്യ വില്പന നിര്‍വ്വഹിച്ചു. മാട്ടുക്കട്ട മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ചു നല്കിയ കെട്ടിടത്തിലാണ് മാവേലി സൂപ്പര്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. സപ്ലെകോ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രാഹുല്‍. ആര്‍ ഓണ്‍ലൈനായി സ്വാഗതം പറഞ്ഞു. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ശശി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷമോള്‍ ബിനോജ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.രാജന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി.അജേന്ദ്രന്‍ ആശാരി, റ്റോമി പകലോമറ്റം, ജെയിംസ്, തോമസ് ഉലഹന്നാന്‍, മിനിമോള്‍ നന്ദകുമാര്‍, സുമോദ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.