കോമണ്‍ ഫെസിലിറ്റി സെന്റര്‍ നാടിന് സമര്‍പ്പിച്ചു

കേരളത്തിന്റെ വ്യവസായ വികസനത്തിന്റെ പ്രതീക്ഷകള്‍ ഇനി സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായവല്‍ക്കരണത്തിനുള്ള ഊര്‍ജ്ജ സ്രോതസ്സായി മാറാന്‍  എം എസ് എം ഇ ( മൈക്രോ സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്)കള്‍ക്ക് കഴിയുമെന്നും അത് തിരിച്ചറിഞ്ഞാണ് ചെറുകിട വ്യവസായ മേഖലയില്‍ ബിസിനസ്സ് സൗഹൃദാന്തരീക്ഷം കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് വുഡ് ഫര്‍ണ്ണിച്ചര്‍ ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും എം എസ് എം ഇ വ്യവസായങ്ങള്‍ക്ക് ഉണ്ടാകും. വ്യവസായ സംരംഭങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ 30 ദിവസത്തിനകം എല്ലാ അനുമതികളും ലഭ്യമാക്കുന്ന സംവിധാനം ആവിഷ്‌കരിച്ചു കഴിഞ്ഞു. വിവിധതരം ലൈസന്‍സുകള്‍ക്കായി മാസങ്ങളോളം കാത്തു നില്‍ക്കേണ്ടി വരില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി സ്‌കീമുകളിലായി വിവിധ തരം ഫണ്ടുകള്‍ ഇന്ന് ലഭ്യമാണ്. ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ആകര്‍ഷകമായ സ്‌കീമുകള്‍ വേറെയും. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചെറുകിട ബിസിനസ്സ് സംരംഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഇതിന് മുന്‍കൈ എടുക്കണം.  സ്‌കീമുകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ എത്തിക്കാനാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ പൊതു ഉല്‍പ്പാദന കേന്ദ്രമാണ് പരിയാരം അമ്മാനപ്പാറയിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ മൈക്രോ സ്‌മോള്‍ എന്റര്‍പ്രൈസസ്-ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ആരംഭിക്കുന്ന പതിനൊന്നാമത്തെ പദ്ധതിയാണിത്. സംസ്ഥാനത്ത് 15 ക്ലസ്റ്ററുകളില്‍ കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിക്കുവാനാണ് അംഗീകാരം ലഭിച്ചത്. ബാക്കിയുള്ള നാല് പദ്ധതികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഉല്‍പാദന ചെലവ് കുറച്ചുകൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.
തളിപ്പറമ്പിലെ വുഡ് ഫര്‍ണിച്ചര്‍ ക്ലസ്റ്ററില്‍ 400 സൂക്ഷ്മ ചെറുകിട യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 53 യൂണിറ്റുകള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് നടപ്പാക്കിയത്. 11.70 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ആധുനിക തടി അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സൗകര്യങ്ങള്‍, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തടിയുടെ സംസ്‌കരണവും സംരക്ഷണവും, അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തടിക്കഷണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഫിംഗര്‍ ജോയിനിങ് സൗകര്യം, ഉല്‍പന്ന നിര്‍മാണ പരിശീലന സൗകര്യങ്ങള്‍ തുടങ്ങിയവ ഇവിടെ ലഭിക്കും.
മാങ്ങാട്ടുപറമ്പ് മൈസോണില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനായി. ജെയിംസ് മാത്യു എം എല്‍ എ, പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, എം എസ് എം ഇ അഡീഷണല്‍ സെക്രട്ടറി ദേവേന്ദ്ര കുമാര്‍ സിംഗ്, കേരള ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ എം ജി രാജമാണിക്യം, മലബാര്‍ കണ്‍സോര്‍ഷ്യം എംഡി കെ പി രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.