എടവണ്ണ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ജല അതോറിറ്റി ടെക്നിക്കല്‍ അംഗം ജി. ശ്രീകുമാര്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സര്‍ക്കാരിന്റെ 2017-18 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി സാമ്പത്തിക സഹായത്തോടെ 47.21 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. വരും വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് പ്രതിദിന ആളോഹരി 100 ലിറ്റര്‍ വെള്ളം ലഭ്യമാക്കുന്നത് കണക്കാക്കിയാണ് സമഗ്ര കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ട് പാക്കേജുകളായാണ് പദ്ധതി നടപ്പാക്കുന്നത്. 10.99 കോടി രൂപയുടെ ജലജീവന്‍ മിഷന്‍ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2021 ഡിസംബറോടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനാണ് പദ്ധതി.
എടവണ്ണ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എം.എല്‍.എ. പദ്ധതിയുടെ ശിലാഫലകം അനാഛാദനം ചെയ്തു. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വി ഉഷാ നായര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ്കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.