വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മാറ്റങ്ങള്‍- മുഖ്യമന്ത്രി 

വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍മ്മിക്കാനുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കോടി രൂപാ മുടക്കി നിര്‍മ്മിക്കുന്ന പൈനാവ് ഗവ. യു.പി. സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഇതോടൊപ്പം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മുഖ്യമന്ത്രി നിര്‍വഹിച്ചു. 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടന്നത്. മുന്‍പ് രണ്ട് ഘട്ടങ്ങളിലായി 124 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. നാടിന്റെ ചരിത്രത്തില്‍ ഇത്രയധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം സമാനതകളില്ലാത്ത വികസനമാണിത്. കഴിഞ്ഞ നാലരക്കൊല്ലത്തിനിടക്ക് ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ക്ലാസ് മുറികള്‍ ഹൈടെക് ആയി, ലാബുകള്‍ നവീകരിക്കപ്പെട്ടിരിക്കുന്നു, അദ്ധ്യയനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു, പൊതുവിദ്യാലയങ്ങളില്‍ നിന്ന് അകന്ന് പോയിരുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

പൊതുവിദ്യാലയങ്ങള്‍ മാതൃകകളാണെന്നും ഇവിടെ തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടതാണെന്നും രക്ഷാകര്‍ത്താക്കളെക്കൊണ്ടും പൊതുസമൂഹത്തെക്കൊണ്ടും പറയിക്കുന്നതിനായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും മറ്റ് മൂന്ന് വിഷനുകളിലൂടെയും നിരവധി നേട്ടങ്ങളാണ് യാഥാര്‍ഥ്യമാക്കാനായത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന വലിയ കുതിച്ചു ചാട്ടങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന സ്‌കൂള്‍ കെട്ടിട ഉദ്ഘാടനങ്ങളും തറക്കല്ലിടലും. പൊതുവിദ്യാലയങ്ങളിലുണ്ടായ സമഗ്ര മാറ്റം ഇന്ന് ഗ്രാമങ്ങളില്‍ പോലും ദൃശ്യമാണ്. ഇന്ന് സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കാവുന്ന അടിസ്ഥാന സൗകര്യങ്ങളിലേക്ക് പൊതുവിദ്യാലയങ്ങളെത്തിക്കഴിഞ്ഞു.

സ്‌കൂളുടെ വികസനമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോട് നാട്ടുകാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സ്‌കൂളിലെ അധ്യാപകര്‍, രക്ഷാകര്‍ത്തൃ സമിതി, പൂര്‍വ്വ വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിയാളുകള്‍ പൂര്‍ണ്ണമായും സഹകരിച്ചുവെന്നതാണ് യാഥാര്‍ഥ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ വികസനം മൂലം ലോകത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് തല ഉയര്‍ത്തിപ്പിടിക്കാവുന്ന നില വന്നു.

കാലാനുസൃതമായ മാറ്റങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ ഫലമായി അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ വര്‍ദ്ധിച്ചത്. വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനും ഇതിലൂടെ സാധിച്ചു. അക്കാദമിക് കാര്യങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇതിന്റെ തെളിവാണ് നീതി ആയോഗിലൂടെ ലഭിച്ച ഒന്നാം സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൂടുതല്‍ സ്‌കൂളുകളുടെ നിര്‍മ്മാണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കില ആദ്യമായിട്ടാണ് 41 സ്‌കൂളുകളുടെ തറക്കല്ലിടല്‍ നടത്തുന്നത്. 330 സ്‌കൂളുകള്‍ക്കുള്ള അനുമതി കിഫ്ബിയില്‍ നിന്നും കിലക്ക് ലഭിച്ചിട്ടുണ്ട്. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി സൂചിപ്പിച്ചു.

ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് സ്‌കൂളുകളുടെ നവീകരണം ചരിത്രമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 2350 കോടി രൂപ കിഫ്ബിയില്‍ നിന്ന് മുടക്കി 973 സ്‌കൂളുകളാണ് നവീകരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടും മറ്റും ഉപയോഗിച്ച് 882 കോടി രൂപാ മുടക്കി 673 സ്‌കൂളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 306 കോടി രൂപാ മുടക്കി 259 സ്‌കൂളുകളും ഹയര്‍ സെക്കണ്ടറിയിലെ 35 കോടി രൂപക്ക് 34 സ്‌കൂളുകള്‍ നബാര്‍ഡ് ഫണ്ട് 150 കോടിക്ക് 59 സ്‌കൂളുകളും നിര്‍മ്മാണം നടക്കുന്നുണ്ട്. ആകെ 3683 കോടി രൂപാ മുടക്കി 2004 സ്‌കൂളുകളാണ് ആധുനികവല്‍ക്കരിക്കപ്പെടുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു. കേരളത്തില്‍ പൊതു വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം കൈവന്നതായി മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തിലും കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയിട്ടില്ല. ക്ലാസ് മുറികള്‍ ഹൈടെക്ക് ആയി സ്‌കൂളുകള്‍ മികച്ച നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. പൊതു വിദ്യാലയങ്ങളിലേയ്ക്ക് എത്തുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഇതെല്ലാം വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈനാവ് സ്‌കൂളിനും ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. സുവര്‍ണ്ണ ജൂബിലി നിറവിലുള്ള സ്‌കൂളിന് മന്ത്രി എം.എം.മണിയുടെ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നാണ് സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ അനുവദിച്ചത്. ഒരു കോടി രൂപ മുടക്കി മൂന്ന് നിലകളായി നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ ആദ്യ രണ്ട് നിലകളിലുമായി ആറ് ക്ലാസ് മുറികളും ഏറ്റവും മുകളിലെ നിലയില്‍ ലൈബ്രറിയും പ്രവര്‍ത്തിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഓണ്‍ലൈനായി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിന്‍, കെ.എസ്.ആര്‍.ടി.സി. ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സുഭാഷ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ജലാലുദ്ദീന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആലീസ് ജോസ്, അമ്മിണി ജോസ്, പ്രഭാ തങ്കച്ചന്‍, സുരേഷ് പി.എസ്, റീത്ത സൈമണ്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്രവ്യാസ്.വി.എ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി.രാജു, ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുരുകന്‍ വി.അയത്തില്‍, ഹെഡ്മിസ്ട്രസ് ശ്രീലത.കെ, എ.അഭിലാഷ്, മനോജ് കെ.ഇ, അംബിക ശശി, ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക
പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.