പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ
സ്വപ്ന സാക്ഷാത്ക്കാരം : മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു മേഖലാ വിദ്യാലയങ്ങളിലുണ്ടായ വികസന പുരോഗതി വിവരണാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയ അഞ്ച് സ്‌കൂളുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും മൂന്ന് സ്‌കൂളുകളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത്. അക്കാദമികവും ഭൗതികപരവുമായ വികസനത്തിലൂടെ സംസ്ഥാനത്തെ വിദ്യാലങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന പൊതുമേഖലാ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നതും പഠന മികവ് ഉറപ്പാക്കാനാകുന്നതും ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.

കിഫ്ബി ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിച്ച പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്, പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ചെറുവണ്ണൂര്‍ ജി.എം.എല്‍.പി.എസ്, കൊടശ്ശേരി ജി.എം.എല്‍.പി.എസ്, പുല്ലൂര്‍ ജി.യു.പി.എസ്, താഴെക്കോട് ജി.എം.എല്‍.പി.എസ് എന്നീ സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  കുക്കൂത്ത് ജി.എം.എല്‍.പി.എസ്, എടപ്പറ്റ ജി.എല്‍.പി.എസ്, അരീക്കോട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.