ആലപ്പുഴ : ദേശീയപാതാ നിലവാരത്തില്‍ പുനഃര്‍നിര്‍മ്മിക്കുന്ന ആലപ്പുഴ – മധുര റോഡിന്റെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുമരാമത്ത് – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചരിത്രപ്രാധാന്യമുള്ള ആലപ്പുഴ – മധുര റോഡ് മികച്ച നിലവാരത്തില്‍ തന്നെ പുനര്‍നിര്‍മിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പുത്തനങ്ങാടി മുതല്‍ വെച്ചൂര്‍ വരെയുള്ള റോഡിന്റെ പുനര്‍നിര്‍മ്മാണം യാത്ര സുഗമമാക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത വികസനപ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും ഈ വികസനം കാണാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ റോഡുകളുടെ കാര്യത്തിലും വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമാകണമെങ്കില്‍ ഇനിയും വലിയ നിക്ഷേപം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. രണ്ട് ജില്ലാ ആസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് ആലപ്പുഴ – മധുര റോഡ്. ചരിത്രത്തില്‍ ഇടം നേടിയ ഈ റോഡിനെ പുനഃര്‍നിര്‍മ്മിച്ചു മനോഹരമാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2018- 19 ബജറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി 8.5 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ചേര്‍ത്തല നിയോജകമണ്ഡലത്തിലെ മുഹമ്മ എന്‍എസ്എസ് കവലയില്‍ നിന്ന് തുടങ്ങി അംബിക മാര്‍ക്കറ്റില്‍ അവസാനിക്കുന്നതാണ് റോഡ്. ഒമ്പതു മാസമാണ് നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണ കാലാവധി.
ചടങ്ങില്‍ തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി എസ് ജ്യോതിസ്, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആര്‍, യമുന, എന്‍ വി ഷാജി, ബിനിത മനോജ്, ബി റ്റി രഘുനാഥന്‍ നായര്‍, വി എം സുഗാന്ധി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. വിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍ രാജശ്രീ, ജനപ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.