ആലപ്പുഴ : ചേർത്തല മണ്ഡലത്തിലെ വിവിധ റോഡുകൾക്കു സമാന്തരമായുള്ള കാന നിർമാണങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. നഗരത്തിലെ വിവിധ റോഡുകളിൽ കാനയുടെ അഭാവം മൂലമുള്ള വെള്ളക്കെട്ട് പരിഹരിക്കാനാണ് പുതിയ കാന നിർമ്മിക്കുന്നത്. പുതിയ കാന നിർമ്മിക്കുന്നതിനോടൊപ്പം തന്നെ പഴയ കാനയുടെ കേടുപാടുകൾ പരിഹരിച്ച് പുനർനിർമ്മാണവും നടപ്പാക്കും. അത്യാവശ്യ സ്ഥലങ്ങളിൽ ഐറിഷ് ഡ്രെയിനുകളുടെ നിർമ്മാണവും ആവശ്യ സ്ഥലങ്ങളിൽ ഇന്റർലോക്ക് ടൈലുകളും പാകും .
കാന നിർമ്മിക്കുന്നതിനായി 2019- 20 ബജറ്റിൽ അനുവദിച്ച മൂന്ന് കോടിയാണ് വിനിയോഗിക്കുക. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്റെ നിർദേശപ്രകാരമാണ് കാന നിർമ്മാണത്തിന് അനുമതി നൽകിയത്. 10 മാസമാണ് പൂർത്തീകരണ കാലാവധി.
ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷതവഹിച്ചു. ചേർത്തല മുൻസിപ്പൽ ചെയർമാൻ വി ടി ജോസഫ്, വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് വി ബാബു, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എൻ ആർ ബാബുരാജ്, വാർഡ് കൗൺസിലർ കെ ബി മുരളി, വാർഡ് കൗൺസിലർ ജി അജിത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ ബി വിനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൽ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.