സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനത്തിലും ദൃശ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗെയില്‍ പൊതു നന്മ ഫണ്ട് ഉപയോഗിച്ച് പുതുതായി നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ സങ്കല്‍പം തന്നെ മാറി. കമ്പ്യൂട്ടര്‍ ലാബ്, ഹൈടെക് ക്ലാസ്സ് മുറികള്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, മികച്ച ലൈബ്രറി, കോണ്‍ഫറന്‍സ് മുറി, കിച്ചണ്‍ തുടങ്ങി അന്താരാഷ്ട്ര സൗകര്യങ്ങളുള്ള കേന്ദ്രങ്ങളെന്ന നിലയിലാണ് സ്‌കൂളുകളെ പൊതു സമൂഹം ഇപ്പോള്‍ വിലയിരുത്തുന്നത്. ഈ ധാരണകളില്‍ പൊതുവെ സ്വീകാര്യമായവ ഉള്‍ക്കൊണ്ടു കൊണ്ടാണ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായി ബൃഹത്തായ കര്‍മ്മ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. സാങ്കേതിക വിദ്യകളെക്കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമാണ് പൊതുവിദ്യാലയങ്ങളില്‍ ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമായത്. എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള മുഴുവന്‍ ക്ലാസ് മുറികളെയും ഇതിനകം സാങ്കേതികവിദ്യാ സൗഹൃദമാക്കാന്‍ കഴിഞ്ഞു. 45000 ക്ലാസ്സ് മുറികള്‍ ഹൈടെക് ആക്കി. പ്രൈമറി സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലാബുകള്‍ സജ്ജീകരിച്ചു. അധ്യാപകര്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം കൈകാര്യം ചെയ്യാനുള്ള പരിശീലനം നല്‍കി. സ്‌കൂളിന്റെ വികസനത്തിനായി വിവിധ സ്ഥാപനങ്ങള്‍, അധ്യാപക-രക്ഷാകര്‍തൃ സമിതികള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, നാട്ടുകാര്‍ എന്നിവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ സ്‌കൂളില്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഗെയില്‍ കമ്പനിയുടെ പൊതു നന്മ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ച് പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനുള്ള കെട്ടിടം നിര്‍മിച്ചത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ എട്ട് ക്ലാസ്സ്മുറികള്‍, സ്റ്റോര്‍ റൂം, സ്റ്റാഫ് റൂം, ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെ ടോയ്‌ലറ്റ് സംവിധാനങ്ങള്‍ എന്നിവയാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. നിര്‍മാണത്തിന്റെ തുടര്‍ച്ചയായി മുകള്‍ നിലയില്‍ മൂന്ന് കോടി രൂപ ചെലവഴിച്ച് 10 ക്ലാസ്സ് മുറികള്‍ കൂടി നിര്‍മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ച് കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെയും, ആംഫി തീയേറ്ററിന്റെയും നടപടികള്‍ പുരോഗമിക്കുകയാണ്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം ഉള്‍പ്പെടുന്ന കെട്ടിട നിര്‍മാണവും ഉടന്‍ ആരംഭിക്കും. കെട്ടിടങ്ങള്‍ മാത്രമല്ല സ്‌കൂളിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഇതിനോടൊപ്പം ഒരുക്കുന്നുണ്ട്. അനെര്‍ട്ടിന്റെ റൂഫ് ടോപ്പ് പവര്‍ പ്ലാന്റ് സ്ഥാപിച്ച് കഴിഞ്ഞു. സ്‌കൂളിലേക്കുള്ള റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. 37 ലക്ഷം രൂപ ചെലവില്‍ ചുറ്റുമതില്‍ നിര്‍മാണവും പുരോഗമിക്കുന്നു. സ്‌കൂളില്‍ കിണര്‍ നിര്‍മിക്കുന്നതിനും മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 11.35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍, അംഗം പി വിനീത, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍, പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ, അംഗം കെ പി അസ്ലം, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ഗെയില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യു, യുഎല്‍സിസിഎസ് ഡയറക്ടര്‍ പി പ്രകാശന്‍, ഹയര്‍സെക്കണ്ടറി ആര്‍ഡിഡി പി എന്‍ ശിവന്‍, കണ്ണൂര്‍ ഡിഡിഇ സി മനോജ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ മാസ്റ്റര്‍, തലശ്ശേരി ഡിഇഒ എ പി അംബിക, പിണറായി എ കെ ജി എം ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ആര്‍ ഉഷാ നന്ദിനി, ഹെഡ്മാസ്റ്റര്‍ പി വി വിനോദ് കുമാര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ദിലീപ് കുമാര്‍, പിണറായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷൈന വത്സന്‍, ഗെയില്‍ പ്രതിനിധികളായ സയ്യിദ് സിറാജ്, അനില്‍കുമാര്‍, വി ജെ അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
