കൊല്ലം :കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനും രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ മത്സ്യബന്ധനം നടത്തിയതിനും ഔട്ട്‌ബോര്‍ഡ് വള്ളങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്തിലെ വിവിധ കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളില്‍ ഫിഷറീസ് വകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി.

രജിസ്‌ട്രേഷന്‍ നമ്പര്‍ വള്ളത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിനും കോവിഡ് മാനദണ്ഡ പ്രകാരം ഒറ്റ ഇരട്ട അക്ക നിയന്ത്രണം തെറ്റിച്ചതിനും അനുവദിക്കപ്പെട്ടിട്ടുള്ള കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളിലടുക്കാതെയും ഒന്നിടവിട്ട ദിവസങ്ങളിലായി അനുവദിച്ചിരിക്കുന്ന മത്സ്യബന്ധന നിയന്ത്രണം തെറ്റിച്ച് മത്സ്യബന്ധനം നടത്തിയതിനുമാണ് നടപടി.

വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും രജിസ്‌ട്രേഷന്‍ നമ്പര്‍ വള്ളങ്ങളില്‍ പ്രദര്‍ശിപ്പിക്കാത്തതിനും രേഖകളുടെ പകര്‍പ്പുകള്‍ വയ്ക്കാത്തതിനും കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം രണ്ടര ലക്ഷം രൂപവരെ പിഴശിക്ഷയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വള്ളങ്ങള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.