എറണാകുളം: ഡിസംബർ പത്തിനു നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലുള്ളത് 2,590,200 വോട്ടർമാർ. 1,254,568 പുരുഷ വോട്ടർമാരും 1,335,591 സ്ത്രീ വോട്ടർമാരും 41 ട്രാൻസ്ജെൻഡർ വോട്ടർമാരും ജില്ലയിലുണ്ട്. കൊച്ചി കോർപറേഷനിൽ 429,623 സമ്മതിദായകരാണുള്ളത്. 207,878 പുരുഷ വോട്ടർമാരും 221,743 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ് ജൻഡർ വോട്ടർമാരും കോർപറേഷനിലുണ്ട്. ജില്ലയിലെ 13 നഗരസഭകളിലായി 433,132 വോട്ടർമാരാണുള്ളത്. 208,135 പുരുഷ വോട്ടർമാരും 224,986 സ്ത്രീ വോട്ടർമാരും നഗരസഭകളിൽ സമ്മതിദായകരായുണ്ട്. നഗരസഭകളിൽ ആകെ 11 ട്രാൻസ് ജൻഡർ വോട്ടർമാരാണുള്ളത്. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 1, 727,445 സമ്മതിദായകരുണ്ട്. 813,365 പുരുഷന്മാരും 888,862 സ്ത്രീകളും 28 ട്രാൻസ് ജൻഡർ വിഭാഗത്തിലുള്ളവരും ഇതിലുണ്ട്.

ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നഗരസഭ തൃപ്പൂണിത്തുറയാണ്. 68,693 വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കൂടുതൽ വനിതാ വോട്ടർമാരും ( 35810) കൂടുതൽ പുരുഷ വോട്ടർമാരുമുള്ള (32883) നഗരസഭയും തൃപ്പൂണിത്തുറയാണ്. 53 പോളിംഗ് ബൂത്തുകളാണ് നഗരസഭയിലുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് വെങ്ങോല പഞ്ചായത്താണ്. 38638 വോട്ടർമാരാണ് ഇവിടെയുള്ളത്. 8813 വോട്ടർമുള്ള പോത്താനിക്കാട് പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ. നെല്ലിക്കുഴി പഞ്ചായത്തിൽ 3 ട്രാൻസ് ജൻഡർ വോട്ടർമാരും തൃക്കാക്കര നഗരസഭയിൽ നാല് ട്രാൻസ് ജൻഡർ വോട്ടർമാരും ആണുള്ളത്.