എറണാകുളം: കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ചവര്‍, ഏഴു മാസമോ അതിലധികമോ ഗര്‍ഭിണികളായവര്‍, രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, നിലവിലോ മുമ്പോ ജനപ്രതിനിധികളായിരുന്നവര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍, വൈദികര്‍, 2021 മാര്‍ച്ച് 31 ന് മുമ്പായി ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ തുടങ്ങിയവരെ ഇലക്ഷന്‍ ജോലികളില്‍ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച ഇ-ഡ്രോപ്പ് സോഫ്‌റ്റ്വെയര്‍ വഴിയാണ് ഈ വർഷം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കോവിഡ് ബാധിതരായവര്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങള്‍ ഇ-ഡ്രോപ്പില്‍ രേഖപ്പെടുത്തുമെങ്കിലും ഇലക്ഷന്‍ ഡ്യൂട്ടിക്കായുള്ള നിയമന ഉത്തരവ് ലഭിച്ചു കഴിഞ്ഞാല്‍ കോവിഡ് ചികിത്സയിൽ ഉള്ളവരെ ജില്ല ഇലക്ഷന്‍ ഓഫീസര്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും.

സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഗവണ്‍മെന്റ് സ്‌കൂള്‍ അദ്ധ്യാപകർ, സംസ്ഥാന കോര്‍പ്പറേഷന്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാലകള്‍, പി.എസ്.സി ജീവനക്കാര്‍, എയ്ഡഡ് കോളേജ് ജീവനക്കാര്‍, ഗവണ്‍മെന്റ് നിയന്ത്രിത സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ആണ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.

പോളിങ് സ്‌റ്റേഷനുകളില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ കേരള ഗവണ്‍മെറിലെ ഏതെങ്കിലും വകുപ്പുകളില്‍ ജോലി ചെയ്യുന്ന ആളായിരിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന നിർദേശം . വനിത ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോളിങ്ങ് സ്റ്റേഷനുകളില്‍ കുറഞ്ഞത് രണ്ട് സ്ത്രീകള്‍ എങ്കിലും ഉണ്ടാവണം. പ്രിസൈഡിങ്ങ് ഓഫീസര്‍ ചുമതലയുള്ളത് സ്ത്രീകള്‍ക്കാണെങ്കില്‍ ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍ പുരുഷനായിരിക്കണം. വനമേഖലയിലുള്ള പോളിങ്ങ് സ്‌റ്റേഷനുകളില്‍ പുരുഷന്മാരെ മാത്രമേ നിയോഗിക്കാന്‍ പാടുള്ളു. ഭാഷാന്യൂനപക്ഷ ബൂത്തുകളില്‍ ഒരാളെങ്കിലും ന്യൂനപക്ഷ ഭാഷ അറിയുന്ന ആളായിരിക്കണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്ന എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥരെയും പ്രിസൈഡിങ് ഓഫീസര്‍മാരായി തന്നെ നിയമിക്കണം.

ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ഇ-ഡ്രോപ്പ് സോഫ്‌റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്തു തന്നെ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ രേഘപ്പെടുത്താനും ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉദ്യോഗസ്ഥരുടെ വിവരം സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ചേര്‍ത്തു വേണം സമര്‍പ്പിക്കാന്‍.