കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിന് സമിതി രൂപീകരിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അധ്യക്ഷനായ സമിതിയുടെ കണ്‍വീനര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് ആണ്.
ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍, റൂറല്‍ പൊലീസ് മേധാവി ആര്‍ ഇളങ്കോ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ചുമതലയുള്ള ബീന റാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം എന്നിവര്‍ അംഗങ്ങളാണ്. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കുക, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ആവശ്യമുള്ളപക്ഷം റിപ്പോര്‍ട്ട് നല്‍കുക തുടങ്ങിയവ സമിതിയുടെ ചുമതലയാണ്. രണ്ട് ദിവസത്തിലൊരിക്കല്‍ സമിതി കൂടും.