കോഴിക്കോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന പരിശോധന കോഴിക്കോട് ജില്ലയില്‍ ഏഴുലക്ഷം പിന്നിട്ടു. കര്‍ശനമായ പരിശോധനകളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദിവസവും നടത്തിവരുന്നത്. കോര്‍പറേഷന്‍ പരിധിയിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍ ആഴ്ചയില്‍ രണ്ട് തവണ പരിശോധനാ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
ചില പ്രദേശങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് ആളുകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഇത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഭേദമായവരിലും പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചിലയാളുകളില്‍ ഗുരുതര ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്. പരിശോധന നടത്തുന്നതില്‍ ആരും പിന്നോട്ട് പോകരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
കോവിഡ് മാറിയതിന് ശേഷം വരുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നതിന് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളില്‍ എല്ലാ ആഴ്ചയും വ്യഴാഴ്ച 12 മുതല്‍ 2 മണി വരെയാണ് ഈ ക്ലിനിക്കുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
നവംബര്‍ 16 വരെ 701339 കോവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ 337833 ആന്റിജന്‍ പരിശോധനകളും 21074 ട്രൂനാറ്റ് പരിശോധനകളും 124867 ആര്‍.ടി.പി.സി.ആര്‍ പരിശോധനകളും നടത്തി. കൂടാതെ 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളില്‍ 216331 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.51 ശതമാനമാണ്.
ഇതുവരേ അയച്ച സ്രവസാംപിളുകളില്‍ 6,98,241 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6,39,208 എണ്ണം നെഗറ്റീവാണ്. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.22 ശതമാനമാണ്. 59435 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരേ കോവിഡ് സ്ഥിരീകരിച്ചത്. 160 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്.