കോട്ടയം: ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വ്യാപന തോത് ഉയരാതെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അഭിനന്ദനം. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെയും നിര്‍വഹണത്തിനായി സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ആദ്യവാരം നിയോഗിക്കപ്പെട്ട ഇവരുടെ സേവനകാലാവധി ഞായറാഴ്ച്ചയാണ് അവസാനിച്ചത്. ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇവര്‍ കാഴ്ച്ചവച്ചതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയും ജില്ലാ പോലീസ് മേധാവി ജി. ജയദേവും വിലയിരുത്തി.

വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഉദ്യോഗസ്ഥരായിരുന്നു സെക്ടര്‍ മജിസ്ട്രേറ്റുമാര്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസിന്‍റെ സഹായത്തോടെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഇവര്‍ക്ക് അധികാരം നല്‍കിയിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു സെക്ടര്‍ മജിസ്ട്രേറ്റ് എന്ന ക്രമത്തില്‍ 71 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും ഇവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന പരിശോധനാ സംഘം പ്രവര്‍ത്തിച്ചു.

കോവിഡ് പ്രതിരോധ ബോധവത്കരണത്തോടെയായിരുന്നു സേവനത്തിന്‍റെ തുടക്കം. കടകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കച്ചവട കേന്ദ്രങ്ങള്‍ വിനോദ-വിശ്രമ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പാലിക്കേണ്ട പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച് ആളുകളെ ബോധവത്കരിച്ചു. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി.

രാവിലെ എട്ടു മുതല്‍ രാത്രി വരെ നീണ്ട പരിശോധനയില്‍ ആരാധനാലയങ്ങളും ആഘോഷ ചടങ്ങുകളും ഉള്‍പ്പെട്ടിരുന്നു. സംഘാടകരുടെകൂടി സഹകരണത്തോടെ ജനത്തിരക്ക് ഒഴിവാക്കാനും മറ്റു പ്രതിരോധ സംവിധാനങ്ങള്‍ ഉറപ്പാക്കാനും സാധിച്ചു.

ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയതോടെ ബാങ്കുകള്‍ക്കു മുന്നിലെ തിരക്കും ഇല്ലാതായി. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴ ചുമത്തി. പിഴ അടയ്ക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതു സംബന്ധിച്ച വിവരങ്ങള്‍ അതത് ദിവസം കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തു.

സംഘാംഗങ്ങളില്‍ ചിലര്‍ കോവിഡ് ബാധിതരായെങ്കിലും ചികിത്സയ്ക്കും നിരീക്ഷണ കാലാവധിക്കും ശേഷം ഇവര്‍ ജോലിക്ക് തിരികെയെത്തി. ജില്ലയിലെ വ്യാപാര ശാലകളിലും സ്ഥാപനങ്ങളിലും സാമൂഹിക അകലം, മാസ്കിന്‍റെ ഉപയോഗം, സന്ദര്‍ശക രജിസ്റ്റര്‍ എന്നിവ ഉറപ്പാക്കിയാണ് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ സേവനം പൂര്‍ത്തിയാക്കിയത്.

ജില്ലാ കളക്ടര്‍ എം. അഞ്ജന നേരിട്ടാണ് സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചിരുന്നത്. സബ്കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, പാല ആര്‍ഡിഒ എം.ടി അനില്‍കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ടികെ.വിനീത്, ജെസി ജോണ്‍, മുഹമ്മദ് ഷാഫി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനത്തിന് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ 31494 പേര്‍ക്കെതിരെ നടപടിയെടുത്തു. ഇതില്‍ ഏറെയും മാസ്ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്തതുമായി ബന്ധപ്പെട്ടാണ്.

ജില്ലയില്‍ ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ നിരീക്ഷണവും നടപടികളും തുടരും. എല്ലാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിന് ക്വിക് റെസ്പോണ്‍സ് ടീമുകളും ഉണ്ടാകും