എറണാകുളം: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയാറാകുന്നത് 3132 പോളിംഗ് ബൂത്തുകൾ. ഗ്രാമപഞ്ചായത്തുകളിൽ 2366 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റികളിൽ 439 പോളിംഗ് ബൂത്തുകളും കോർപറേഷനിൽ 327 പോളിംഗ് ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1833 വാർഡുകളിലാണ് പോളിംഗ് ബൂത്തുകൾ സജ്ജമാക്കുന്നത്.

വൈപ്പിൻ ബ്ലോക്കിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകളുള്ളത്. 23 വാർഡുകളിലേക്കായി 47 പോളിംഗ് ബൂത്തുകളാണ് ഇവിടെയുള്ളത്. വെങ്ങോല പഞ്ചായത്തിൽ 46 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കീരംപാറ, പോത്താനിക്കാട്, പല്ലാരിമംഗലം , മാറാടി പഞ്ചായത്തുകളിൽ 13 വീതം പോളിംഗ് ബൂത്തുകളാണുള്ളത്. ഏറ്റവും കുറവ് പോളിംഗ് ബൂത്തുകളുള്ള പഞ്ചായത്തുകളും ഇവയാണ്.

പറവൂർ ബ്ലോക്കിൽ 181 പോളിംഗ് ബൂത്തുകളും ആലങ്ങാട് ബ്ലോക്കിൽ 153 എണ്ണവും അങ്കമാലി ബ്ലോക്കിൽ 206 എണ്ണവും കൂവപ്പടി ബ്ലോക്കിൽ 183 എണ്ണവും വാഴക്കുളം ബ്ലോക്കിൽ 238 എണ്ണവും ഇടപ്പള്ളി ബ്ലോക്കിൽ 116 എണ്ണവും വൈപ്പിൻ ബ്ലോക്കിൽ 133 എണ്ണവും പള്ളുരുത്തി ബ്ലോക്കിൽ 111 എണ്ണവും മുളന്തുരുത്തിയിൽ 167 എണ്ണവും വടവുകോട് ബ്ലോക്കിൽ 186 എണ്ണവും കോതമംഗലം ബ്ലോക്കിൽ 224 എണ്ണവും പാമ്പാക്കുട ബ്ലോക്കിൽ 95 എണ്ണവും പാറക്കടവ് ബ്ലോക്കിൽ 198 എണ്ണവും മുവാറ്റുപുഴ ബ്ലോക്കിൽ 175 പോളിംഗ് ബൂത്തുകളുമാണുള്ളത്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകളുള്ള മുനിസിപ്പാലിറ്റി തൃപ്പൂണിത്തുറയാണ്. 53 എണ്ണം. കുറവ് പോളിംഗ് ബൂത്തുകളുള്ള മുനിസിപ്പാലിറ്റി കൂത്താട്ടുകുളം. 25 വാർഡുകളിലേക്കായി 25 പോളിംഗ് ബൂത്തുകൾ ഇവിടെയുണ്ട്.