എറണാകുളം: ജില്ലയില്‍ എലിപ്പനി രോഗബാധയും മരണവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ജില്ലയില്‍ ഈ വര്‍ഷം 13 എലിപ്പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ഷകര്‍, മൃഗപരിപാലന രംഗത്തുള്ളവര്‍, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവർ പ്രത്യേകശ്രദ്ധ ആവശ്യമുള്ളവരാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് തൊഴിലാളികളും ജില്ലയില്‍ എലിപ്പനി ബാധിതരായി മരണമടഞ്ഞിട്ടുണ്ട്, രോഗബാധിതരായി അഞ്ച് മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്നു എന്നതും രോഗസ്ഥിരീകരണത്തിന് താമസം നേരിടുന്നു എന്നതുമാണ് എലിപ്പനിയെ അപകടകരമായ രോഗമാക്കുന്നത്.

എലിപ്പനി പ്രതിരോധത്തിനായി സമൂഹത്തിന്‍റെ എല്ലാ വിഭാഗം ആളുകളിലും എത്തുന്നവിധത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മൃതസഞ്ജീവനി 2020 എന്ന പേരിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാര്‍ഡ്തല ആരോഗ്യസമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കും. രോഗപ്രതിരോധത്തിനായി ആരോഗ്യകേന്ദ്രങ്ങളിലൂടെയും ആരോഗ്യപ്രവര്‍ത്തകരിലൂടെയും ഡോക്സിസൈക്ലിന്‍ മരുന്ന് വിതരണം ചെയ്യും.

തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങുന്നതിന് 24 മണിക്കൂര്‍ മുമ്പ് നിശ്ചിത അളവ് ഡോക്സിസൈക്ലിന്‍ ഗുളികകള്‍ കഴിച്ചെന്ന് തൊഴിലുറപ്പ് മേറ്റുമാര്‍ ഉറപ്പാക്കണം. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന 40 മുതല്‍ 50 വയസ് പ്രായമുള്ളവരിലാണ് രോഗബാധ കൂടുതലായി കാണുന്നതെങ്കിലും മലിന ജലവുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുള്ളവരാകാന്‍ സാധ്യയുള്ളതിനാല്‍ എല്ലാ വിഭാഗം ആളുകളും രോഗത്തിനെതിരെ ജാഗ്രതപാലിക്കണം.

പകര്‍ച്ചവ്യാധി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലാ വികസന കമ്മീഷണർ അഫ്സാന പര്‍വീണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.കെ കുട്ടപ്പന്‍, ആരോഗ്യവകുപ്പ് സര്‍വയലന്‍സ് ഓഫീസര്‍ ഡോ. വിനോദ് പൗലോസ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവർ പങ്കെടുത്തു.