ഇലക്ഷന്‍ @ ഇടുക്കി 2020

സുതാര്യവും സംശുദ്ധവുമായ ഇലക്ഷന്‍ ഉറപ്പുവരുത്തണം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍

2021ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ ആരംഭിച്ച സാഹചര്യത്തില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ഇടുക്കി ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി.
തേക്കടി ആരണ്യ നിവാസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സാജന്‍ വി കുര്യാക്കോസും, കൂടാതെ താലൂക്കുകളിലെ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും അനുബന്ധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലയിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്ന ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അഭിനന്ദിച്ചു. ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ഏറ്റവും സൗകര്യങ്ങള്‍ ഉറപ്പാക്കിയ പോളിംഗ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്നും, ബൂത്തുകളിലേക്ക് സ്ഥാനമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ അറിയിപ്പ് കൊടുക്കണമെന്നും പക്ഷപാതരഹിതവും സംശുദ്ധവുമായ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പു വരുത്താനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗങ്ങള്‍ അതാത് സമയങ്ങളില്‍ വിളിച്ചു കൂട്ടണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

ഇടമലക്കുടി പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ബൂത്തുകളിലേക്കും യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണമെന്നും വാര്‍ത്താവിനിമയ സൗകര്യത്തിനായി സാറ്റലൈറ്റ് ഫോണ്‍, ഹാംറേഡിയോ ഉള്‍പ്പടെയുള്ളവ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ യുവ വോട്ടര്‍മാരും ഇതര വിഭാഗം ജനങ്ങളും ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഒറ്റപ്പെട്ടു കിടക്കുന്ന ബൂത്തുകളില്‍ ഉള്‍പ്പടെ നേരിട്ട് പരിശോധനയ്ക്കായി എത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കോവിഡ് പശ്ചാത്തലത്തില്‍ ഭംഗിയായി പൂര്‍ത്തിയാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. കൂടാതെ ജില്ലാ കളക്ടറേറ്റിനു സമീപം നിര്‍മ്മാണത്തിലിരിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ.വി.എം വെയര്‍ഹൗസിന്റെ നിര്‍മ്മാണ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

ഫോട്ടോ -കുമളിയില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ജില്ലയിലെ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം.

#election2020
#idukkidistrict