കോഴിക്കോട്: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലയില്‍ സിറ്റിങ് നടത്തി. കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, മത്സ്യഫെഡ് ജില്ലാ ഓഫീസ്, കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കേരള ഗ്രാമീണ്‍ ബാങ്കിന്റെ വിവിധ ശാഖകള്‍ എന്നിടങ്ങളില്‍ നിന്നും വായ്പയെടുത്ത 22 മത്സ്യത്തൊഴിലാളികളുടെ അപേക്ഷകളാണ് കമ്മീഷന്‍ പരിഗണിച്ചത്.
കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മത്സ്യത്തൊഴിലാളി എടുത്ത രണ്ടു ലക്ഷം രൂപയുടെ വായ്പ കാലഹരണപ്പെട്ടതല്ലെന്ന വിശദീകരണം അംഗീകരിച്ച് കടാശ്വാസം അനുവദിക്കാവുന്നതാണെന്ന് കമ്മീഷന്‍ അറിയിച്ചു. കടാശ്വാസ തുകക്ക് പുറമെ മുതല്‍ ബാക്കി ഒരു ലക്ഷം രൂപ തിരിച്ചടക്കാനുള്ളതിനാല്‍ അടുത്ത സിറ്റിംഗില്‍ തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങളുമായി ഹാജരാകാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു. മത്സ്യഫെഡില്‍ നിന്നുമെടുത്ത മത്സ്യത്തൊഴിലാളികളുടെ രണ്ടു വായ്പകള്‍ക്ക് കടാശ്വാസമായി 83,153 രൂപ കടാശ്വാസമായി അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തു.
ഏഴ് വായ്പകള്‍ക്ക് കടാശ്വാസം അനുവദിക്കേണ്ടതില്ലെന്ന മുന്‍ ഉത്തരവുകള്‍ പുന:പരിശോധിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം 11 അപേക്ഷകര്‍ക്ക് അനുവദിച്ച 3,70,000 രൂപയുടെ 11 വായ്പകള്‍ കാലഹരണപ്പെട്ടതായി കണക്കാക്കരുതെന്നും മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് മൊറട്ടോറിയം നിലനില്‍ക്കുന്നതിനാലാണ് റിക്കവറി നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും സെക്രട്ടറി ബോധിപ്പിച്ചു.
രേഖാമൂലം വിശദീകരണം നല്‍കുന്ന പക്ഷം കടാശ്വാസം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. കേരള ഗ്രാമീണ്‍ ബാങ്കിന്റെ നാദാപുരം, മേലടി ശാഖകളുടെ പ്രതിനിധികള്‍ക്ക് ഇന്റര്‍നെറ്റ് തടസ്സം കാരണം ഹാജരാകാന്‍ സാധിക്കാത്ത വിവരം അറിയിച്ചതിനാല്‍ രണ്ടു കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു.
കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന സിറ്റിങ്ങില്‍ മെമ്പര്‍ കൂട്ടായി ബഷീര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.