കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിനിടയില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് പ്രതിരോധം മറന്നു പോകരുതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന. കോട്ടയം ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍.

അസാധാരണമായ സാഹചര്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണെന്ന ബോധ്യത്തോടെയാവണം പ്രചാരണം. തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം.

ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ അതീവ പ്രാധാന്യത്തോടെ പാലിക്കണം. പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് മാത്രമാണ് അനുവാദം. മാസ്കിന്‍റെയും സാനിറ്റൈസറിന്‍റെയും ശരിയായ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കണം.

മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പ്രചാരണം അനുവദിക്കില്ല. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഹാരം, ഷാള്‍, ബൊക്കെ എന്നിവ ഒഴിവാക്കണം. നോട്ടീസും ലഘുലേഖയും വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം.

സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക, മൈക്ക്, വാഹനം എന്നിവയുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങള്‍ പൊതുനിരീക്ഷകന്‍ ജോര്‍ജ്ജി പി. മാത്തച്ചന്‍ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, ചെലവ് നിരീക്ഷകരായ സാലമ്മ ബസേലിയസ്, ജി. ബിനുകുമാര്‍, ഹബീബ് മുഹമ്മദ്, എന്‍. സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.